Latest News

ഒമാനില്‍ വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം അഞ്ചുമരണം

മസ്കത്ത്:[www.malabarflash.com] ഒമാനിലെ നിസ്വക്കടുത്ത് ബഹ്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ടു മലയാളി വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ മരിച്ചു. നിസ്വ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയ ബസുകളിലൊന്ന് മീന്‍ കയറ്റിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

രണ്ടാം ക്ളാസ് വിദ്യാര്‍ഥികളായ കോട്ടയം കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി കൊന്നേപറമ്പില്‍ സിജാദിന്‍െറ മകള്‍ റുയ അമന്‍, കണ്ണൂര്‍ പട്ടാന്നൂര്‍ കൂരാരി സ്വദേശി വളപ്പിനകത്ത് അബ്ദുല്‍ കബീറിന്‍െറ മകന്‍ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍. 

സ്കൂളിലെ അധ്യാപിക മഹാരാഷ്ട്ര സ്വദേശി ദീപാലി സത്തേി, ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരായ ഒമാന്‍ സ്വദേശികള്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. മലയാളി വിദ്യാര്‍ഥികളായ ജൈഡന്‍ ജെയ്സന്‍, സിയ എലിസബത്ത്, നന്ദകശ്രീ എന്നിവര്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇവര്‍ നിസ്വ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

മലയാളികളടക്കം 22ഓളം വിദ്യാര്‍ഥികള്‍ക്ക് നിസ്സാര പരിക്കുണ്ട്. റുയയുടെയും മുഹമ്മദ് ഷമ്മാസിന്‍െറയും മൃതദേഹം ബഹ്ല ആശുപത്രി മോര്‍ച്ചറിയില്‍. 

നിസ്വയിലെ മസ്കത്ത് ഫാര്‍മസി ജീവനക്കാരനാണ് റുയയുടെ പിതാവ് പൂതക്കുഴി കൊന്നേപറമ്പില്‍ ഹനീഫയുടെ മകന്‍ കെ.എച്ച്. സിജാദ്. മാതാവ്: ഫിനു. ഒരു സഹോദരനുണ്ട്. മുഹമ്മദ് ഷമ്മാസിന്‍െറ പിതാവ് അബ്ദുല്‍ കബീര്‍ ബിസിയ അല്‍ മഹ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. മാതാവ്: മറിയം. ബഹ്ല അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്ക് വ്യാഴാഴ്ച രാവിലെയാണ് നാലു ബസുകളിലായി വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത്.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.