Latest News

പ്രതിശ്രുത വധുവിനെ കെട്ടിയിട്ടു സ്വര്‍ണം മോഷ്ടിച്ചെന്ന പരാതി; യുവതി തയാറാക്കിയ നാടകം

കോഴഞ്ചേരി:[www.malabarflash.com ] മണിക്കൂറുകള്‍ നീണ്ട ഉദ്വേഗത്തിനൊടുവില്‍ പ്രതിശ്രുത വധുവിനെ കെട്ടിയിട്ടു സ്വര്‍ണം മോഷ്ടിച്ചുവെന്ന കഥ പോലീസ് പൊളിച്ചു. അടുത്തദിവസം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന യുവതിയെ കെട്ടിയിട്ടു 80 പവന്‍ സ്വര്‍ണം മോഷ്ടിച്ചുവെന്ന വാര്‍ത്ത വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രചരിച്ചത്.

പട്ടാപ്പകല്‍ നടന്ന മോഷണകഥ നാട്ടുകാരെ ഭീതിയിലാക്കുകയും പോലീസിനെ കുഴയ്ക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മോഷണകഥ പ്രതിശ്രുത വധു തയാറാക്കിയ നാടകമെന്നു പോലീസ് കണെ്ടത്തി. വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി പെണ്‍കുട്ടിക്കുണ്ടായ സ്വരചേര്‍ച്ചയില്ല്ായ്മയാണ് നാടകത്തിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു.
ആറന്മുള - നീര്‍വിളാകം സ്വദേശിയായ യുവതിയെ കെട്ടിയിട്ട് 80 പവന്‍ മോഷ്ടിച്ചെന്നാണ് പരാതി ഉണ്ടായത്. തൊട്ടടുത്തദിവസം വിവാഹം നടത്താന്‍ നിശ്ചയിച്ച യുവതിയുടെ 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് പരാതി. 

വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ ആവശ്യങ്ങള്‍ക്കായി ചെങ്ങന്നൂര്‍ക്കു പോയപ്പോള്‍ മുഖംമൂടി ധരിച്ചു കാറിലെത്തിയ നാലംഗ സംഘം തന്നെ ബലമായി പിടിച്ചു കെട്ടുകയും ചുരിദാര്‍ ഷാള്‍ കൊണ്ട് സ്റ്റെയര്‍ കെയ്‌സില്‍ ബന്ധിക്കുകയും അലമാരയുടെ താക്കോല്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നു യുവതി പോലീസിനോടു പറഞ്ഞു. ഭയപ്പെട്ട താന്‍ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കുകയും മുഖമൂടി സംഘം അലമാര തുറന്ന് സ്വര്‍ണം അപഹരിച്ചുവെന്നുമായിരുന്നു യുവതിയുടെ ആദ്യ മൊഴി. യുവതിയുടെ വായ്ക്കുള്ളില്‍ തുണി തിരുകയും ചെയ്തിരുന്നുവത്രേ.
മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ആറന്മുള പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പതിനൊന്നരയോടെ ആറന്മുള പോലീസും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. 

യുവതിയെ ചോദ്യം ചെയ്തപ്പോള്‍ മൊഴിയിലുണ്ടായ വൈരുധ്യമാണ് പോലീസിനു സംശയമുണ്ടായത്. 11.30 മുതല്‍ വൈകുന്നേരം 6.30വരെ നടത്തിയ നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിലാണ് താന്‍ തന്നെയാണ് സ്വര്‍ണം മാറ്റിയതെന്നും ചുരിദാര്‍ ഷാള്‍കൊണ്ട് സ്വയം ബന്ധിച്ചതെന്നും യുവതി സമ്മതിച്ചു.
മറ്റൊരു കേസ് അന്വേഷണവുമായി കോഴിക്കോട്ടായിരുന്ന സിഐ വിദ്യാധരന്‍ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ നിജസ്ഥിതി പൂര്‍ണമായി പുറത്തായി. വീടിനോടു ചേര്‍ന്ന പത്തായത്തിനുള്ളില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തതോടെയാണു നാടകത്തിനു തിരശീല വീണത്. പത്തനംതിട്ട ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി സിഐമാരും സംഭവസ്ഥലത്തെത്തിയിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.