Latest News

സ്വാമി സുധീന്ദ്രതീര്‍ഥയ്ക്കു ഹരിദ്വാറില്‍ പുണ്യസമാധി

ഹരിദ്വാര്‍:[www.malabarflash.com] ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യനും കാശി മഠാധിപതിയുമായ സ്വാമി സുധീന്ദ്രതീര്‍ഥയ്ക്കു പുണ്യസമാധി. ഹരിദ്വാറില്‍ സ്വാമി സുധീന്ദ്രതീര്‍ഥ സ്ഥാപിച്ച വ്യാസക്ഷേത്രത്തിനുള്ളിലാണു മഹാസമാധിയൊരുക്കിയത്. സമാധി ചടങ്ങുകള്‍ക്ക് ശിഷ്യനും ഉത്തരാധികാരിയുമായ സംയമീന്ദ്രതീര്‍ഥ നേതൃത്വം നല്‍കി. പതിനേഴിനു പുലര്‍ച്ചെ ഒന്നേകാലിനു വ്യാസക്ഷേത്രത്തിലാണു സ്വാമി സുധീന്ദ്രതീര്‍ഥ ബ്രഹ്മലീനനായത്.

ദേവഭൂമിയായ ഹരിദ്വാറില്‍ അര്‍ധകുംഭമേള നടക്കുന്ന ദിവ്യദിനത്തിലാണു സ്വാമി ഇഹലോകവാസം വെടിഞ്ഞത്. മകരസംക്രാന്തിയോടെ സൂര്യന്‍ ഉത്തരായനത്തിലേക്കു പ്രവേശിച്ച പുണ്യനാളുകളില്‍. ആചാര്യ സിംഹാസനത്തില്‍ സമാധിയിരുത്തിയ സ്വാമി സുധീന്ദ്രതീര്‍ഥയ്ക്കു മുന്നില്‍ ഭജനയും നാമസ്മരണയുമായി സമുദായാംഗങ്ങള്‍ പ്രണാമമര്‍പ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെ ഹരിദ്വാര്‍ വ്യാസക്ഷേത്രത്തിലെത്തിയ സ്വാമി സംയമീന്ദ്രതീര്‍ഥ ഗീതാപാഠജപവും രാമനാമജപവുമായി ഗുരുവിനെ നമസ്‌കരിച്ചു. തുടര്‍ന്നു ത്രികാലപൂജയും വ്യാസപ്രതിഷ്ഠയ്ക്കു മുന്നില്‍ ആരതിയും നടത്തി. സുധീന്ദ്രതീര്‍ഥയുടെ ഭൗതികശരീരം വ്യാസക്ഷേത്രത്തിനു മുന്നിലുള്ള ഗംഗാസ്‌നാനഘട്ടത്തില്‍ എത്തിച്ചു ഗംഗാജലാഭിഷേകം നടത്തി പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്നു ക്ഷേത്രത്തിനു പുറത്തും അകത്തുമായി ഭക്തജനങ്ങള്‍ വേദമന്ത്രോച്ചാരണങ്ങളും വാദ്യഘോഷവുമായി പ്രദക്ഷിണം നടത്തി ക്ഷേത്രത്തിനുള്ളില്‍ നിര്‍മിച്ച സമാധിപീഠത്തിലിരുത്തി. സമാധിപൂജ ചടങ്ങുകള്‍ പതിമൂന്നു ദിവസമുണ്ടാകും.

മംഗളൂരു ആചാര്യമഠത്തിലെ ശ്രീനരസിംഹാചാര്യയുടെ നേതൃത്വത്തിലെത്തിയ പുരോഹിത സംഘമാണ് പൂജകള്‍ക്കു മേല്‍നോട്ടം വഹിച്ചത്. ഗോവ കൈവല്യമഠം, കര്‍ണാടകയിലെ ചിത്രാപൂര്‍ മഠം എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും കൊച്ചി ചെറായി ശ്രീവരാഹക്ഷേത്രം തന്ത്രി രവികുമാര്‍ ഭട്ട്, മേല്‍ശാന്തി കൃഷ്ണ ഭട്ട്, കൊല്ലത്തുനിന്നു മണികണ്ഠ ഭട്ട് തുടങ്ങിയവരും പൂജാജപങ്ങളില്‍ പങ്കെടുത്തു. 

ഭാരത് മാതാ മന്ദിറിലെ ഭൂമാനന്ദ സരസ്വതി ഹാരാര്‍പ്പണം നടത്തി.
ഗൗഡസാരസ്വത സമുദായാംഗമായ നാഗാലാന്‍ഡ് ഗവര്‍ണര്‍ പത്മനാഭ ആചാര്യയ്ക്കുവേണ്ടി കേണല്‍ അശോക് കിനി ഹാരാര്‍പ്പണം നടത്തി. ഗൗഡസാരസ്വത സമുദായത്തിലെ പ്രമുഖരും കേന്ദ്രമന്ത്രിമാരുമായ മനോഹര്‍ പാരിക്കര്‍, സുരേഷ് പ്രഭു, ശ്രീപദ് നായിക്, ബ്രിക്‌സ് ബാങ്ക് മേധാവി കെ. വി. കാമത്ത് എന്നിവര്‍ അനുശോചനം അറിയിച്ചു. 

മാധ്വാചാര്യ പരമ്പരയില്‍പ്പെടുന്ന കാശി മഠാധിപതികളില്‍ ഇരുപതാമനാണ് സ്വാമി സുധീന്ദ്രതീര്‍ഥ. യുപിയിലെ കാന്‍പൂരിനു സമീപം വേദവ്യാസന്റെ ജന്മസ്ഥലത്തു ബാലവ്യാസക്ഷേത്രം നിര്‍മിച്ചതാണു സ്വാമി സുധീന്ദ്രതീര്‍ഥയുടെ സംഭാവനകളില്‍ പ്രധാനം.
രാമദാസ ഷേണായിയുടെയും ദ്രൗപദിയുടെയും മകനായി 1926ല്‍ എറണാകുളത്തു ജനിച്ച സദാശിവ ഷേണായി, ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായിരിക്കെയാണ് കാശി മഠാധിപതിയായിരുന്ന സുകൃതീന്ദ്രതീര്‍ഥ സ്വാമിയുടെ ശിഷ്യനാവുന്നത്. 1944ല്‍ സന്യാസദീക്ഷ സ്വീകരിച്ചു. ഗുരുവിന്റെ സമാധിയെത്തുടര്‍ന്ന് 1949ല്‍ കാശി മഠാധിപതിയായി. ഗൗഡസാരസ്വത സമൂഹത്തിന്റെ പോയകാല പ്രൗഢി വീണ്ടെടുക്കാന്‍ ഏഴു പതിറ്റാണ്ടുകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു. പാരമ്പര്യവും സംസ്‌കാരവും കൈമുതലാക്കി മുന്നോട്ടു കുതിക്കാന്‍ ഗൗഡസാരസ്വത സമൂഹത്തിന് ഉണര്‍വും ഉത്തേജനവും നല്‍കിയതു സുധീന്ദ്രതീര്‍ഥയാണ്.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആതുരശുശ്രൂഷയ്ക്കും അശരണരുടെ സംരക്ഷണത്തിനുമായി ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിച്ചു. സ്ത്രീധനം, ജാതിഭേദം പോലെ സമൂഹത്തില്‍ വേരോടിയ തിന്മകള്‍ക്കെതിരെ നിലപാടെടുത്തു. അതേസമയം, ആചാരാനുഷ്ഠാനങ്ങളില്‍ കണിശത പുലര്‍ത്തുകയും ചെയ്തു. 

കേരള ഗൗഡസാരസ്വത ദേവസ്വം ബോര്‍ഡ് രൂപംകൊണ്ടതും 1981ല്‍ കേരള ഗൗഡസ്വാരസ്വത ബ്രാഹ്മണ മഹാസഭ രൂപമെടുത്തതും സ്വാമിയുടെ ആശീര്‍വാദത്തോടെയായിരുന്നു.
കാവ്യരചനയില്‍ തല്‍പരനായിരുന്ന സ്വാമി സുധീന്ദ്രതീര്‍ഥ സംസ്‌കൃതത്തില്‍ ഗുരുപരമ്പരസ്തവം, വേദവ്യാസ സഹസ്രനാമാവലി, വേദവ്യാസ അഷ്ടോത്തര ശതനാമാവലി, വേദവ്യാസ ശതകം, വ്യാസ ബ്രഹ്മസ്‌ത്രോത്രം എന്നിവ രചിച്ചു. 

1989ല്‍ ശിഷ്യനായ രാഘവേന്ദ്രതീര്‍ഥ ആചാര്യനും സമുദായത്തിനും എതിരെയായതോടെ തല്‍സ്ഥാനത്തുനിന്നു നീക്കി. 2002ല്‍ സംയമീന്ദ്രതീര്‍ഥയെ ശിഷ്യനായി തിരഞ്ഞെടുത്തു. സുധീന്ദ്രതീര്‍ഥ സ്വാമിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു.
(കടപ്പാട്: മനോരമ)






Keywords: Karnaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.