Latest News

പെണ്‍വാണിഭക്കാര്‍ക്കും പൂവാലന്‍മാര്‍ക്കും മൊബൈല്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു

പയ്യന്നൂര്‍:[www.malabarflash.com] സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ഔട്ട്‌ലറ്റുകളില്‍ നിന്ന് ഉപഭോക്താക്കളുടെ കോള്‍ ലിസ്റ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നതായി പരാതി.

ഔട്ട്‌ലറ്റ് ജീവനക്കാര്‍ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഇത്തരം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നാണ് സൂചന. ഉപഭോക്താക്കളുടെ വിവരങ്ങള്‍ മൊബൈല്‍ സേവന ദാതാക്കള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഒഴികെയുള്ള മറ്റു മൊബൈല്‍ ദാതാക്കളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്നതാണ് അവസ്ഥ. പെണ്‍വാണിഭ റാക്കറ്റുകളും പൂവാലന്‍മാരും ഈ സൗകര്യം മുതലെടുക്കുന്നു.

കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ നിന്നും പോലും ഉപഭോക്താവിന് സ്വന്തം നമ്പറിലെ വിവരങ്ങള്‍ നല്‍കുമെന്നല്ലാതെ മറ്റുള്ളവരെ വിവരങ്ങള്‍ നല്‍കാറില്ലെന്നിരിക്കെയാണിത്. മൊബൈല്‍ ഔട്ട്‌ലറ്റിലെ ജീവനക്കാര്‍ പലപ്പോഴും കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് ഇത്തരം തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത്.

ഇത് ശ്രദ്ധയില്‍പെടുന്ന കമ്പനി അധികൃതര്‍ സ്ഥാപനത്തിന് വിവരങ്ങള്‍ ലഭിക്കുന്ന സോഫ്റ്റ്‌വെയര്‍ ഓഫ് ചെയ്യാറുണ്ടെങ്കിലും അത് പരമാവധി ഒരു മാസത്തേക്കേ ഉണ്ടാകൂ. പിന്നെയും കാര്യങ്ങള്‍ പഴയപടിയാകും. ക്രിമിനില്‍ കേസുകളില്‍ മൊബൈല്‍ റെയ്ഞ്ച് പരിധി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായമാണ് പോലീസ് തേടാറുള്ളത്.

ഇപ്രകാരം സൈബര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കുറഞ്ഞത് 24 മണിക്കൂറെങ്കിലും എടുക്കും. വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ കൈമാറുന്നതിന് മുമ്പ് ജില്ലാ പോലീസ് മേധാവിയുടെ പരിശോധനയില്‍ ഒപ്പും ആവശ്യമാണ്.

അത്രയും സ്വകാര്യമായേ സൈബര്‍ സെല്‍ പോലും വിവരങ്ങള്‍ നല്‍കാറുള്ളൂ. എന്നാല്‍ മൊബൈല്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ നിമിഷങ്ങള്‍ മതിയാകും. സ്ത്രീകളുടെ ഫോണുകളില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നവരെ ഇപ്രകാരം വിവരങ്ങള്‍ ചോര്‍ത്തി കൈകാര്യം ചെയ്ത സംഭവം നടന്നിട്ടുണ്ട്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിക്കലും വ്യാപകമാണ്. മൊബൈല്‍ കമ്പനികള്‍ ലാഭേച്ഛയോടെ കൂട്ടുനില്‍ക്കുകയും ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ സിമ്മുകള്‍ കരസ്ഥമാക്കുന്നുണ്ട്.

ഇവര്‍ എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നിരപരാധികളാകും കുടുങ്ങുക. വഴിയോരങ്ങളില്‍ യാതൊരു വ്യവസ്ഥയുമില്ലാതെയുള്ള സിം വ്യാപാരത്തിന് വിലക്കുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് പ്രവര്‍ത്തനം.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.