Latest News

പുകയില പാടങ്ങള്‍ വിസ്മൃതിയിലേക്ക്

വര്‍ഷങ്ങള്‍ക്ക് മുമ്പ്. ബേക്കല്‍ കോട്ടയുടെ തെക്കു ഭാഗം മുതല്‍ ചേറ്റുകൂണ്ട് വരെ, കടല്‍ തീരത്തോട് ചേര്‍ന്നുള്ളവയലുകള്‍ മാര്‍ച്ച് മാസംവരെ വിശാലമായ പുകയില പാടങ്ങളായിരുന്നു, തെക്കന്‍ കേരളത്തില്‍ നിന്നുള്ള തീവണ്ടിയാത്രക്കാര്‍ക്ക് പച്ച പുതച്ച ഈ വയലുകള്‍ മനസ്സുഖം പകരുന്ന കാഴ്ചയുമായിരുന്നു. ഇപ്പോള്‍ ആ പച്ചപ്പും, ചപ്പുചെടിക്ക് വെള്ളം കോരുന്ന ഗ്രാമീണരെയും ഈ പാടങ്ങളിലെങ്ങും കാണാനില്ല.[www.malabarflash.com]

സംസ്ഥാനത്ത് കാസര്‍കോടിന്റെ മാത്രം കുത്തക ആയിരുന്ന പുകയില പാടങ്ങള്‍ പഴങ്കഥയായിമാറി. പതിനഞ്ചു വര്‍ഷം മുന്‍പ് അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍ പെരിയ, കോടോം ബേളൂര്‍, പനത്തടി, ഉദുമ എന്നീ പഞ്ചായത്തുകളിലും, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും ഉള്ള ധാരാളം കര്‍ഷകര്‍ പുകയില(ചപ്പ്)കൃഷി നടത്തിയിരുന്നു. 

എന്നാലിപ്പോള്‍ പള്ളിക്കര, പനയാല്‍,പുല്ലൂര്‍ പെരിയയിലെ കുണിയ തുടങ്ങിയ പ്രദേശങ്ങളില്‍, വിരലില്‍ എണ്ണാവുന്ന കര്‍ഷകര്‍ മാത്രമാണ് പുകയില കൃഷി ചെയ്യുന്നത് . ജില്ലയില്‍ ഏറ്റവും കുടുതല്‍ പുകയില കൃഷി ചെയ്തിരുന്ന പഞ്ചായത്തായിരുന്നു പള്ളിക്കര. സംസ്‌കരിച്ച പുകയില സുക്ഷിച്ചിരുന്ന ഒരു ഗോഡൌണ്‍ ബേക്കല്‍ കോട്ടക്കുന്നില്‍ ഗതകാല സ്മരണയുണര്‍ത്തി ഇപ്പോഴുമുണ്ട്.

പുകയില ഉല്പന്നങ്ങള്‍ക്കെതിരെ ലോക വ്യാപകമായി നടന്നു വരുന്ന ബോധവല്‍കരണം ഇവിടത്തെ പുകയില കൃഷി ശോഷിക്കാനുള്ള പ്രധാന കാരണമായി. ടൂറിസം വികസനത്തിനു ബി ആര്‍ ഡി സി വയലുകള്‍ ഏറ്റെടുത്തതോടെ കര്‍ഷകര്‍ക്ക് വിശാലമായ കൃഷിയിടങ്ങള്‍ ഇല്ലാതായതും വിലകുറവ് മൂലം പുകയില വാങ്ങാന്‍ എജന്റുമാര്‍ വരാത്തതും, കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുന്നു. പുകയില കൃഷിക്കു ബാധിക്കുന്ന വൈറസ് രോഗവും 'ഫൈറ്റോത്തോറനിക്കോട്ടിയാന' എന്ന കുമിള്‍ ജന്യ രോഗമായ ബ്ലാക്ക് ഷാങ്കും കര്‍ഷകരെ പുകയില പാടങ്ങളില്‍ നിന്നും അകറ്റുന്നുണ്ട്.[www.malabarflash.com]

ഇപ്പോള്‍ ജില്ലയില്‍ എല്ലായിടത്തും കുടി കഷ്ടിച്ച് അഞ്ചു ഹെക്ടറില്‍ കുറഞ്ഞ സ്ഥലത്ത് മാത്രമേ പുകയിലകൃഷി നടക്കുന്നുള്ളൂ
ജില്ലാ പഞ്ചായത്തിന്റെ രേഖകള്‍ പ്രകാരം 1980- 81 ല്‍ 1015 ടണ്ണും, 1987-88 ല്‍ 673 ടണ്ണ് പുകയിലയും ഉല്പാദിപിച്ചിരുന്നു(കാസര്‍കോട് ചരിത്രവും സമുഹവും പേജ് 225)ഇവിടെ നിന്നാണ് ഉല്പാദനം ഏതാനും ക്വിന്റലിലേക്ക് ചുരുങ്ങിയത്.

നിക്കോട്ടിയാനാ റ്റുബാക്കം' എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന പുകയില ഉത്തേജക വിളകളുടെ കൂട്ടത്തില്‍ ആണു സ്ഥാനംപിടിച്ചിട്ടുള്ളത്.ഉത്തേജനത്തിനായി പുകയില ഉല്‍പന്നങ്ങള്‍ ഉപ യോഗിക്കുന്നത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പിടിപടാന്‍ കാരണമാകുന്നുവെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു[www.malabarflash.com]
ചരിത്രം
പതിനേഴാം നൂറ്റാണ്ടില്‍ ആരംഭിച്ച പുകയില കൃഷി ക്രമേണ വളരെ പ്രധാനപ്പെട്ട കൃഷികളിലെന്നായി മാറുകയായിരുന്നു. മുറുക്കാനും, മൂക്ക് പൊടിയാക്കാനും ഉള്ള പുകയിലകള്‍ ഇവിടെ കൃഷിചെയ്തിരുന്നു. മറ്റു കാര്‍ഷികേല്പ്ന്നങ്ങള്‍ക്ക് ലഭിച്ചിരുന്ന വിലയെക്കാള്‍ പത്തിരട്ടിയെങ്കിലും വിലകുടുതല്‍ കിട്ടിയിരുന്നതിനാല്‍ ചപ്പ് കര്‍ഷകര്‍ സാമ്പത്തീകമായി മെച്ചപ്പെട്ട നിലയില്‍ ഉള്ളവരായി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെപുകയില വാണിജ്യത്തിന്റെകുത്തക ഈസ്റ്റ്ഇന്‍ഡ്യകമ്പനിഏറ്റെടുത്ത്തായി ചരിത്രം പറയുന്നു.

1851-52വരെയുള്ളകമ്പനിയുടെ റവന്യുവരുമാനത്തിന്റെ കുടുതലും പുകയിലയില്‍ നിന്നായിരുന്നു വെന്നും രേഖകളുണ്ട്. ചരിത്ര രേഖകള്‍ പ്രകാരം 1846-47 കാല ഘട്ടത്തില്‍ 2,90,896 ഉറുപ്പിക ഈസ്റ്റ് ഇന്‍ഡ്യ കമ്പനിക്ക് പുകയിലയില്‍ നിന്നും റവന്യു വരുമാനം കിട്ടിയിരുന്നു വെന്ന് പറയുമ്പോള്‍ അക്കാലത്തെ കൃഷിയുടെ വിസ്തൃതി ഊഹിക്കാവുന്ന്താണ്.[www.malabarflash.com]
കൃഷിരീതി
ഒറ്റ വിള വയലുകളില്‍ കൊയ്ത്ത്തിനു ശേഷം മുളപ്പിച്ചെടുത്ത തൈകള്‍ നടുകയാണ് പതിവ്. ധാരാളംവെള്ളവും വളവും, പരിചരണവും ആവശ്യമുള്ള കൃഷികളിലെന്നാണിത്.
പുകയില കണ്ടത്തില്‍തന്നെ കുഴിയുണ്ടാക്കി(കുവ്വ്ല്‍)അതില്‍ നിന്നും നനക്കുകയാണ് രീതി.

വെയിലിന്റെ ചൂട്കടുത്ത് ഇലകളിലെ മഞ്ഞു വെള്ളം വറ്റും മുന്‍പ്, ചെടികള്‍ക്ക് മുകളിലൂടെ വെള്ളം ഒഴിച്ച്, തടം നനക്കും ഇങ്ങനെ ഉണ്ടാക്കുന്ന പുകയിലക്ക് ഗുണം കുടുമെന്ന് കര്‍ഷകര്‍ പറയുന്നു. 

ചാണകവും പച്ചിലകളും ചേര്‍ത്തുള്ള വളവും (നാട്ടു ഭാഷ കരക്കെവളം) മീന്‍വളവുമാണ് ഉപയോഗിക്കുന്നത്. ചീഞ്ഞു തുടങ്ങിയ പച്ച മത്തി ചപ്പ് കൃഷിക്ക് ഉപേക്ഷിക്കാന്‍ പറ്റാത്തവളമാണ്. അതിനാല്‍പുകയില പാടത്ത് വളപ്രയോഗം നടത്തിയിരുന്ന നാളുകളില്‍ തീരപ്രദേശങ്ങളില്‍ ഈച്ച ശല്യ0 രൂക്ഷമായിരുന്നു[www.malabarflash.com]
വിളവെടുപ്പ്
ചെടികള്‍ക്ക് 90 ദിവസം പ്രായമാകുമ്പോള്‍ വിളവെടുക്കും(ചപ്പുകൊത്തല്‍ എന്ന് നാടന്‍ഭാഷ)
കണ്ടത്തില്‍ തന്നെ ചുറ്റും ഓല മറച്ചുണ്ടാക്കുന്ന പന്തലില്‍ ചെടികളെ തൂക്കിയിട്ട്, തണലില്‍ 21 ദിവസം ഉണക്കിയെടുക്കും. ഇതിനു ശേഷം ലക്ഷണ മൊത്ത ഇലകള്‍ തെരഞ്ഞെടുത്തു പാളകളില്‍ കെട്ടുകളാക്കി സൂക്ഷിക്കും. 

മംഗലാപുരം, പുത്തൂര്‍, തുടങ്ങിയസ്ഥലങ്ങള്‍ ആണ് പ്രധാന വിപണകേന്ദ്രങ്ങള്‍. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഏജെന്റുമാര്‍ വിളവെടുപ്പ് കാലത്ത് പള്ളികരയില്‍ തമ്പടിച്ചിരുന്ന നാളുകള്‍ ഇപ്പോള്‍ പഴംകഥകളായി മാറിയെന്നു കര്‍ഷകര്‍ സ്മരിക്കുന്നു.
നേരത്തെ പുകയില കൃഷി മാത്രം നടത്തിയിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ പച്ചകറി, തണ്ണി മത്തന്‍, കൃഷികളിലേക്ക് ചുവടു മാറ്റി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുകയാണ്. പുതു തലമുറ പുകയിലക്ക് പിറകെപോകാന്‍ താല്പര്യം കാണിക്കുന്നില്ല.[www.malabarflash.com]
പള്ളിക്കര, ബേക്കല്‍, ചേറ്റുകൂണ്ട് എന്നീ തീരപ്രദേശങ്ങളുടെയും പനയാല്‍, ബഞ്ചിവയല്‍, കോട്ടാപ്പാറ, കളിങ്ങോം, കുണിയ തുടങ്ങിയ ഗ്രാമങ്ങളുടെയും സാമൂഹിക സാമ്പത്തിക ചുറ്റുപാടുളെ സ്വാധീനിക്കാന്‍ ഒരു കാലത്ത് പുകയില കൃഷിക്ക് കഴിഞ്ഞിരുന്നു. 

ഈ ഓര്‍മ്മകളും പാരമ്പര്യമായി കൈവന്ന കൃഷിയറിവുളും മനസ്സില്‍ പേറുന്ന ഏതാനും ചിലകര്‍ഷകരുടെ കാലം കഴിഞ്ഞാല്‍ കാസര്‍കോടിന്റെ മാത്രംകുത്തക യയിരുന്ന പുകയില കൃഷി ചരിത്രമാകുമെന്ന് നിസംശയം പറയാം[www.malabarflash.com]
ബാബു പാണത്തൂര്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.