Latest News

തില്ലങ്കരി ഇരട്ടക്കൊലപാതകം: 21 സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം തടവ് റദ്ദാക്കി

കൊച്ചി;[www.malabarflash.com ]കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉത്തമന്റെ സംസ്‌കാരം കഴിഞ്ഞു തിരികെ പോയവരുടെ ജീപ്പിനു ബോംബ് എറിഞ്ഞു രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ 21 സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. മൂന്നു പേരുടെ ജീവപര്യന്തം ശിക്ഷ ശരിവച്ചു.
തില്ലങ്കരി കാര്‍കോട്ട് 2002 മേയ് 23നാണു കേസിനാസ്പദമായ സംഭവം.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ഉത്തമനെ സിപിഎം പ്രവര്‍ത്തകര്‍ തലേന്നു കൊലപ്പെടുത്തിയിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു ജീപ്പില്‍ മടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ബോംബ് എറിഞ്ഞുവെന്നാണു പ്രോസിക്യൂഷന്‍ കേസ്.
ഉത്തമന്റെ ബന്ധു അമ്മുക്കുട്ടിയമ്മയും ജീപ്പ് ഡ്രൈവര്‍ ഷിഹാബും കൊല്ലപ്പെട്ടു. 

തലശേരി സെഷന്‍സ് കോടതിയുടെ 2011 ഏപ്രില്‍ 18ലെ ശിക്ഷാ ഉത്തരവിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചാണു ജസ്റ്റിസ് പി. ഭവദാസന്‍, ജസ്റ്റിസ് രാജാ വിജയരാഘവന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

രണ്ടാം പ്രതി ചാവശേരി അംശം വയലാലി ഗിരീശന്‍, 12–ാം പ്രതി കുന്നുംവീട്ടില്‍ രാധാകൃഷ്ണന്‍, പതിനഞ്ചാം പ്രതി കെ. വി. മഹേന്ദ്രന്‍ എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണു ശരിവച്ചത്.

മൂന്നു മുതല്‍ 11 വരെ പ്രതികളായ പുതിയപുരയില്‍ മനോജ്, മീതലപുരയില്‍ ജയരാജന്‍, അണിയേരി ബാലകൃഷ്ണന്‍, മനോളി ദിലീപ്, പുതിയപുരയില്‍ ബൈജു, എ.കെ. ശശി, എ.കെ. രവീന്ദ്രന്‍, ചെത്തിപ്പറമ്പത്ത് പ്രമോദ്, കെ. അരുണ്‍കുമാര്‍, പതിമൂന്നാം പ്രതി കെ.വി. മഹേഷ്, പതിനാലാം പ്രതി കൊയ്യാടന്‍ സഹദേവന്‍, 16 മുതല്‍ 25 വരെ പ്രതികളായ കലംവീട്ടില്‍ ശ്രീധരന്‍, ചാലില്‍ പ്രകാശന്‍, എ.കെ. പ്രദീഷ്, ചൂരയില്‍ രാജന്‍, എ.കെ. പ്രദീപന്‍, രവീന്ദ്രന്‍ (അമ്പു രവി), കെ. രാജീവന്‍, ചെത്തിപ്പറമ്പത്തു ചന്ദ്രന്‍, എ.കെ. പ്രവീണ്‍, കൂലി വിനോദ് എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു.

ഇവരുടെ പങ്കാളിത്തം സംബന്ധിച്ച കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. കെട്ടിവച്ച ജാമ്യബോണ്ട് പ്രതികള്‍ക്കു മടക്കി കിട്ടും. പ്രതികള്‍ക്കു വേണ്ടി അഡ്വ. പി. വിജയഭാനു ഹാജരായി.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.