Latest News

പിശാചിന്റെ കുഞ്ഞെന്ന് ആരോപിച്ച് ഒന്നര വയസുകാരനെ തെരുവില്‍ ഉപേക്ഷിച്ചു

നൈജീരിയ:[www.malabarflash.com] കാത്ത് കാത്തിരുന്ന് ജനിക്കുന്ന കണ്‍മണികളെ നാം താഴത്തും തലയിലും വയ്ക്കാതെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചാണ് വളര്‍ത്താറുള്ളത്. കറകളഞ്ഞ നിഷ്‌കളങ്കതയുമായി ജനിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ മറ്റൊരു കണ്ണിലൂടെ കാണാന്‍ നമുക്ക് സാധിക്കാറുമില്ല. അപ്പോള്‍ പിന്നെ സ്വന്തം കുഞ്ഞ് പിശാചിന്റെ സന്തതിയാണെന്നാരോപിച്ച് ഉപേക്ഷിക്കുന്ന മാതാപിതാക്കളെ എന്താണ് വിളിക്കേണ്ടത്...?.

നൈജീരിയയിലെ ഹോപ് എന്ന ആണ്‍കുഞ്ഞിനാണ് ഈ ഒരു ദുര്യോഗമുണ്ടായിരിക്കുന്നത്. ഒന്നര വയസുള്ളപ്പോള്‍ ഈ കുട്ടി പിശാചിന്റെ സന്തതിയാണെന്ന് ആരോപിച്ച് കുടുംബക്കാര്‍ ഹോപിനെ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.തുടര്‍ന്ന് ആരോരും തുണയില്ലാതെ എട്ട് മാസം തെരുവില്‍ അലഞ്ഞ് ജീവിക്കുകയായിരുന്നു അവന്‍. തുടര്‍ന്ന് ഒരു പാശ്ചാത്യ ചാരിറ്റി പ്രവര്‍ത്തകയുടെ ശ്രദ്ധയില്‍ കുഞ്ഞ് പെടുകയും അവര്‍ അവനെ രക്ഷിക്കുകയുമായിരുന്നു.

ആഫ്രിക്കയില്‍ ജീവിക്കുന്ന ഡാനിഷ് ചാരിറ്റി പ്രവര്‍ത്തകയായ അന്‍ജ റിന്‍ഗ്രെന്‍ ലോവെന്‍ ജനുവരി 31ന് കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ പുഴുവരിച്ച് തുടങ്ങിയിരുന്നു.അത്രയ്ക്കും വൃത്തിഹീനമായ പരിതസ്ഥിതിയിലായിരുന്നു കുഞ്ഞ് മാസങ്ങളോളം ജീവിച്ചിരുന്നത്. വേണ്ടത്ര വെള്ളവും ഭക്ഷണവും ലഭിക്കാതെ പട്ടിണിക്കോലമായി അലഞ്ഞു നടന്ന കുട്ടി പൂര്‍ണ നഗ്‌നനുമായിരുന്നു. 

അന്‍ജ കുട്ടിക്ക് കുടിവെള്ളം പകര്‍ന്ന് കൊടുക്കുന്ന ചിത്രം ആരുടെയും ഹൃദയം ഭേദിക്കുന്ന കാഴ്ചയാണ്. കുട്ടിക്ക് വെള്ളവും ഭക്ഷണവും നല്‍കിയ അന്‍ജ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.തുടര്‍ന്ന് കുട്ടിയുടെ ശരീരത്തില്‍ നിന്നും പുഴുക്കളെ നീക്കം ചെയ്യുകയും ദിവസേന ബ്ലഡ് ട്രാന്‍ഫ്യൂഷന്‍സിന് വിധേയമാക്കി കുട്ടിയുടെ റെഡ് ബ്ലഡ് സെല്ലുകളുടെ കുറവ് നികത്തുകയുമായിരുന്നു.

ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എഡ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് അന്‍ജ. തെരുവില്‍ തള്ളുന്ന കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവര്‍ ഈ ചാരിറ്റി സ്ഥാപിച്ചിട്ടുള്ളത്.

 ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരത്തില്‍ പിശാചെന്ന് ആരോപിച്ച് നിരവധി കുട്ടികളെ തെരുവില്‍ തള്ളുകയും മര്‍ദിക്കുകയും കൊല്ലുകയും ചെയ്യുന്ന പതിവുണ്ടെന്നാണ് അന്‍ജ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഹോസ്പിറ്റലിലെത്തിച്ചിരിക്കുന്ന ഹോപിന്റെ നില മെച്ചപ്പെട്ട് വരുകയാണ്. നിലവില്‍ അവന് ചിരിക്കാനും ഇരിക്കാനും കഴിയുന്നുണ്ട്. അവന്‍ വളരെ കരുത്തും ധൈര്യവുമുള്ള കൊച്ചുകുഞ്ഞാണെന്നാണ് അന്‍ജ പറയുന്നത്.
തുടക്കത്തില്‍ ഹോപിന്റെ ആശുപത്രി ബില്ലുകള്‍ അന്‍ജ തന്നെയാണ് നല്‍കിയിരുന്നത്. പിന്നീട് അവന്റെ ചെലവേറിയ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാന്‍ അവര്‍ സമൂഹത്തിന്റെ സഹായം ചോദിക്കുകയും ചെയ്തിരുന്നു. ലോകമാകമാനം നിന്ന് അവര്‍ക്ക് ഇതിനായി 1 മില്യണ്‍ ഡോളര്‍ സഹായം ലഭിക്കുകയുമുണ്ടായി. ഇതിലൂടെ ഹോപിന് നല്ല ട്രീറ്റ്‌മെന്റ് നല്‍കാനാവുമെന്ന് അന്‍ജ പറയുന്നു. 

ഇത്തരത്തില്‍ കണ്ടെടുക്കുന്ന കുട്ടികളെ താമസിപ്പിക്കാനായി അന്‍ജ ഒരു ചില്‍ഡ്രന്‍സ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അവര്‍ക്ക് മെഡിക്കല്‍ കെയറും ഭക്ഷണവും വിദ്യാഭ്യാസവും അവര്‍ നല്‍കി വരുന്നുണ്ട്. അന്‍ജയും ഭര്‍ത്താവ് ഡേവിഡ് ഇമാനുവേല്‍ ഉമേമും ചേര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ തങ്ങളുടെ ഓര്‍ഫനേജിനായി ഒരു കെട്ടിടം പണിതിട്ടുണ്ട്.



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.