Latest News

വാഹനപകടത്തില്‍ മരിച്ച വീഡിയോ ഗ്രാഫറുടെ മൃതദേഹം സംസ്‌കരിച്ചു

ഉദുമ[www.malabarflash.com]: ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് മരിച്ച വീഡിയോ ഗ്രാഫറുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഉദുമ മുല്ലച്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് ഉദുമ മുല്ലച്ചേരിയിലെ ബാലകൃഷ്ണന്‍ -സാവിത്രി ദമ്പതികളുടെ മകന്‍ അനില്‍ രാജ്(30) പെരിയക്ക് സമീപം ടാങ്കര്‍ ലോറിയിടിച്ച് മരിച്ചത്.
പെരിയയിലെ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവം ചിത്രീകരിച്ച് തിരിച്ചു വരുമ്പോഴാണ് അനില്‍രാജ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടാങ്ക് ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയടിച്ച് വീണ അനില്‍ രാജിനെ അതുവഴി വന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മന്‍സൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

അനില്‍ രാജിന്റെ മാതാവ് സാവിത്രി ഗള്‍ഫിലായിരുന്നതിനാല്‍ അവര്‍ തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മുല്ലച്ചേരിയിലെ വീട്ടിലെത്തിച്ചത്.
മുല്ലച്ചേരി സുഭാഷ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറു കണക്കിനാളുകള്‍ എത്തി.

കേരള ഫോട്ടോ ഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) അംഗമായിരുന്ന അനില്‍ രാജിന്റെ മൃതദേഹത്തില്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ മടിക്കൈ, ജില്ലാ പ്രസിഡണ്ട് വിനോദ് ചൈതന്യ, ട്രഷറര്‍ രസിതാ ബാബു തുടങ്ങിയവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.