Latest News

കേരളത്തില്‍ വോട്ടെടുപ്പ് മെയ് 16ന്, ഫലപ്രഖ്യാപനം 19ന്

ന്യൂഡല്‍ഹി:[www.malabarflash.com] സംസ്ഥാനത്ത് പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 16ന് നടക്കും. ഫലപ്രഖ്യാപനം മെയ് 19ന്. കേരളമടക്കം നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ ഏപ്രില്‍ 22ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 29നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 30ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മെയ് രണ്ടു വരെ പത്രിക പിന്‍വലിക്കാം. സംസ്ഥാനത്ത് ഇത്തവണ 2.65 കോടി വോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കേരളത്തിനു പുറമെ തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും കേരളത്തോടൊപ്പം മെയ് 16ന് വോട്ടെടുപ്പ് നടക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പുതുമയാര്‍ന്ന ചില സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടു നല്‍കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കു രേഖപ്പെടുത്താനുള്ള നോട്ടയ്ക്ക് ഇക്കുറി ചിഹ്നം ഉണ്ടാവും. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഉണ്ടാവും. നോട്ടയുടെ ചിഹ്നം ഏറ്റവും അവസാനമായിരിക്കും.

വോട്ടെടുപ്പ് തീയതിയുടെ പത്തു ദിവസം മുമ്പുവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാനുള്ള അനുമതിയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കി. അസമില്‍ ഏപ്രില്‍ നാലിനും 11നും രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ആറു ഘട്ടമായും വോട്ടെടുപ്പ് നടക്കും. ഏപ്രില്‍ നാല്, 11, 17, 21, 25, 30, മെയ് അഞ്ച് ദിവസങ്ങളിലാണ് ഇവിടെ വോട്ടെടുപ്പ്.

കേരളത്തില്‍ 140 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലേക്കും ബംഗാളില്‍ 294 സീറ്റുകളിലേക്കും അസമില്‍ 126 സീറ്റുകളിലേക്കും പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ബംഗാളിലും അസമിലും എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും കേന്ദ്രസേനയ്ക്കായിരിക്കും സുരക്ഷാ ചുമതല.

മെയ് 21ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണമാവും. സംസ്ഥാനത്തെ 13-ാം നിയമസഭയുടെ കാലാവധി തീരുന്നത് മെയ് 31നാണ്. ഇതിനു മുമ്പ് പുതിയ നിയമസഭ നിലവില്‍ വരും.

സംസ്ഥാനത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പിനുള്ള അന്തിമ ഒരുക്കത്തിലാണ്. 20 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച മുസ്ലിം ലീഗാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യവെടി പൊട്ടിച്ചത്. യു.ഡി.എഫിലും എല്‍.ഡി.എഫിലും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.