Latest News

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോയ്ക്ക് വധശിക്ഷ; അനുശാന്തിക്ക് ഇരട്ടജീവപര്യന്തം

തിരുവനന്തപുരം:[www.malabarflash.com] ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസില്‍ ഒന്നാം പ്രതിയായ നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും വിധിച്ചു. അതിക്രൂരമായ കൊലപാതകം എന്ന പരാമര്‍ശത്തോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 50 ലക്ഷം രൂപയുടെ പിഴയും ഇതോടൊപ്പം ചുമത്തിയിട്ടുണ്ട്. ഇരുവര്‍ക്കും വധശിക്ഷ നല്‍കണമെന്ന് നേരത്തെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. അവിഹിതബന്ധത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയത്. അതിക്രൂരവും സമൂഹത്തെ ഞെട്ടിക്കുന്നതുമായ സംഭവമാണിതെന്നും സ്വന്തം കുട്ടിയെ കൊല്ലാന്‍ കൂട്ടുനിന്ന രണ്ടാം പ്രതി അനുശാന്തി മാതൃത്വത്തിന് പോലും അപമാനമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അന്വേഷണസംഘത്തിനും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കും തെളിവുനല്‍കിയയാള്‍ക്കും കോടതിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചു. കേസില്‍ 83 ദിവസത്തിനകം പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

കുഞ്ഞിനെ കൊന്ന അമ്മ എന്ന രീതിയില്‍ ചിത്രീകരിക്കരുത് എന്ന അനുശാന്തിയുടെ അപേക്ഷ കോടതി തള്ളി. ടെക്‌നോപാര്‍ക്ക് ജീവനക്കാരായ പ്രതികള്‍ കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി സംശയാതീതമായി തെളിഞ്ഞിരുന്നു. വാട്‌സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയത്.

2014 ഏപ്രില്‍ 16-നായിരുന്നു കൊലപാതകം അരങ്ങേറിയത്. നിനോയും അനുശാന്തിയും തമ്മിലുള്ള പ്രണയവും ഭര്‍ത്താവിനെ ഒഴിവാക്കി ഒരുമിച്ചുജീവിക്കാനുള്ള തീരുമാനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വിശദീകരിച്ചത്.

അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ മാതാവ് ഓമനയെയും മകള്‍ മൂന്നര വയസുള്ള സ്വാസ്തികയെയും കാമുകന്‍ നിനോ മാത്യു കൊല്ലപ്പെടുത്തുകയായിരുന്നു. വീട്ടിലെത്തിയ ലിജേഷിനെ മുളകുപൊടി കണ്ണിലെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി പരിഗണിച്ച കേസില്‍, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത്കുമാറാണ് ഹാജരായി.

കോടതിവിധിയില്‍ സംതൃപ്തിയെന്നാണ് അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് വിധിയോട് പ്രതികരിച്ചത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.