Latest News

സുധാകരനെയും അമീനെയും തീരുമാനിച്ചത് ലീഗ്: കെ.ശ്രീകാന്ത്

കാസര്‍കോട്:[www.malabarflash.com] ഉദുമയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനെയും സിപിഎം ഐഎന്‍എല്ലിന് വിട്ടുകൊടുത്ത കാസര്‍കോട് സീറ്റില്‍ ഡോ.എ.എ.അമീനെയും തീരുമാനിച്ചത് മുസ്ലീംലീഗാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെ പോലും നിര്‍ണ്ണയിക്കുന്ന മുസ്ലിംലീഗ് ജില്ലയില്‍ വോട്ട് കച്ചവടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നതിന്റെ തളിവാണിത്. ലീഗ് സ്ഥാനാര്‍ത്ഥികളെ സിപിഎം വോട്ട് ചെയ്ത് വിജയിപ്പിക്കുമ്പോള്‍ പകരം സിപിഎം സ്ഥാനാര്‍ത്ഥികളെ ലീഗും സഹായിക്കുന്നു. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന തെരഞ്ഞെടുപ്പിലെ ഈ വോട്ട് കച്ചവടം കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടു കൂടി മറനീക്കി പുറത്തുവന്ന് ജില്ലയില്‍ വ്യാപകമാകുകയായിരുന്നു. 

യുഡിഎഫിനും എല്‍ഡിഎഫിനും ഒറ്റയ്‌ക്കൊറ്റക്ക് അവരുടെ മുഖ്യശത്രുവായ ബിജെപിയെ നേരിട്ട് തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇത്തരം ഒരു കോമാലീ സഖ്യത്തിലൂടെ വോട്ട് കച്ചവടം ആരംഭിച്ചിരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായി ലീഗ് വോട്ടുചെയ്തിരുന്നു. അത് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് നിലവിലെ എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് തുറന്നു പറഞ്ഞിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തിലും ബിജെപിയെ തോല്‍പ്പിക്കാനായി ഇത്തരമൊരു വോട്ട് കച്ചവട രാഷ്ട്രീയം അവര്‍ നടപ്പാക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
സിപിഎം ഐഎന്‍എല്ലിനായി വിട്ടുകൊടുത്ത കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഒരു പ്രാദേശിക വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുകയാണ്. ജില്ലയില്‍ നിന്നുള്ള ഒരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി കിട്ടാത്ത ഗതികേടിലാണ് ഇറക്കുമതി സ്ഥാനാര്‍ത്ഥിയായ ഡോ.എ.എ.അമീനുമായി രംഗത്തുവന്നിരിക്കുന്നത്. കെ.സുധാകരനും, അമീനും മത്സരിക്കുന്നതില്‍ അവരുടെ പാര്‍ട്ടിക്കുള്ളിലെ പ്രാദേശിക ഘടകങ്ങളില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. 

പക്ഷേ ഇരു പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികലെ നിര്‍ണ്ണയിക്കാന്‍ സ്വാധീന ശക്തിയായി വളര്‍ന്നുവന്നിരിക്കുകയാണ് ലീഗ്. സിപിഎം സ്ഥാനാര്‍ത്ഥികള്‍ പലരും വിജയിക്കണമെങ്കില്‍ ലീഗിന്റെ വോട്ട് വേണമെന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കാസര്‍കോട് സീറ്റില്‍ അവര്‍ പറഞ്ഞ വ്യക്തിയെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.