Latest News

പടക്കം പൊട്ടിക്കുന്നതിനിടയില്‍ തെറിച്ച ചീള് കഴുത്തില്‍ തറച്ച് യുവാവ് മരിച്ചു

വടകര:[www.malabarflash.com] മാഹി റെയില്‍വെ സ്‌റ്റേഷനു കിഴക്ക് അഴിയൂര്‍ കക്കടവില്‍ ഏറുപടക്കം പൊട്ടിക്കുന്നതിനിടയില്‍ തെറിച്ച ചീള് കഴുത്തില്‍ തറച്ച് യുവാവ് മരിച്ചു. ബംഗ്ലാവില്‍താഴ രാഹുല്‍ജിത്താണ് (24) മരിച്ചത്. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണ്

വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കക്കടവില്‍ വിജനമായ സ്ഥലത്ത് പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അപകടം. പടക്കം എറിഞ്ഞതിനെ തുടര്‍ന്നു പൊട്ടിയ സ്ഥലത്ത് നിന്നു തെറിച്ച ചീള് കഴുത്തില്‍ തറക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. കുഴഞ്ഞു വീണ രാഹുല്‍ജിത്തിനെ ഉടന്‍ മാഹി ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിഷു ആഘോഷത്തിന് കൊണ്ടുവന്ന പടക്കത്തിലെ മരുന്ന് ഉപയോഗിച്ച് വീട്ടുപരിസരത്ത് നിര്‍മിച്ച പടക്കം സുഹൃത്തുക്കളേയും കൂട്ടി ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കക്കടവില്‍ കൊണ്ടുവന്നു പൊട്ടിക്കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തിനും മുഖത്തും മുറിവേറ്റു. ചീളു തറച്ച് വീണ രാഹുല്‍ജിത്തിനെ കണ്ട സൃഹൃത്തുക്കളില്‍ ഒരാള്‍ തളര്‍ന്നു വീണു.

നിര്‍മാണ തൊഴിലാളിയായ രാഹുല്‍ജിത്ത് ബംഗ്ലാവില്‍താഴ വാസുദേവന്റെയും പ്രസന്നയുടെയും മകനാണ്. സഹോദരി: രസ്‌ന. മൃതദേഹം മാഹി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ച നടക്കും. ഇതിനു ശേഷമേ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമൂണ്ടാവൂ. അപകടം നടന്ന സ്ഥലത്ത് ചോമ്പാല പോലീസ് പരിശോധന നടത്തി.

അതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആര്‍.എം.പിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.