Latest News

ജിദ്ദയിൽ വച്ചു വ്യവസായിയുടെ പണം തട്ടിയെടുത്തയാൾ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിൽ

മലപ്പുറം: വാണിയമ്പലം സ്വദേശിയായ പ്രവാസി ബിസിനസുകാരന്റെ 85 ലക്ഷം രൂപയോളം വരുന്ന സൗദി റിയാൽ ജിദ്ദയിൽ വച്ചു തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

വേങ്ങര കുന്നുംപുറം ഇല്ലിക്കൽ ഇസ്മായിൽ ചെമ്പൻ (40) ആണ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായത്. മാസങ്ങളായി ഒളിവിലായിരുന്ന ഇയാൾ വിദേശത്തേക്കു കടക്കാനുള്ള ശ്രമമായിരുന്നെന്നു പോലീസ് പറഞ്ഞു.

കേസിലെ ഒന്നാംപ്രതി കുന്നുംപുറം ഏക്കാപ്പറമ്പ് പട്ടർകടവൻ മുഹമ്മദലി ഏപ്രിലിൽ അറസ്റ്റിലായിരുന്നു. ജിദ്ദയിൽ ബന്ധുവുമൊത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന വാണിയമ്പലം തച്ചംകോട് സ്വദേശിയാണ് സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചു പരാതി നൽകിയത്. ഒന്നാംപ്രതിയായ മുഹമ്മദലിയുടെ കൈവശം ബാങ്കിൽ അടയ്ക്കാനും മറ്റും ഏൽപിച്ച തുക മറ്റു രണ്ടുപേരുടെ സഹായത്തോടെ തട്ടിയെടുത്തു നാട്ടിലേക്കു കടന്നെന്നാണു പരാതി.

സിഐ വി.ബാബുരാജ്, എസ്ഐ പി.ചന്ദ്രൻ, എഎസ്ഐ കെ.സത്യൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കേസിൽ ഉൾപ്പെട്ട മൂന്നാംപ്രതി മേലാറ്റൂർ സ്വദേശിയെക്കൂടി പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു. ഇസ്മായിലിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.