Latest News

ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് ചന്ദനമരം മോഷ്ടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍, രണ്ടു പേരെ തിരയുന്നു



ബേഡകം: [www.malabarflash.com] വയനാട്ടുകുലവന്‍, ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് മൂന്ന് ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ രണ്ട് പേരെ ബേഡകം എസ്.ഐ. ടി.കെ മുകുന്ദനും അഡീഷണല്‍ എസ്.ഐ ജയകുമാറും അറസ്റ്റ് ചെയ്തു. രണ്ടുപേരെ തിരയുന്നു. മരത്തടികള്‍ കടത്താനുപയോഗിച്ച ആള്‍ട്ടോ കാറും അന്വേഷിച്ച് വരികയാണ്. മരുതടുക്കം ചേടിക്കുണ്ടിലെ ഷാഫി(25), മുഹമ്മദ്(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി സിയാദ്, രണ്ടാംപ്രതി റഹീഫ് എന്നിവരെ കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ചന്ദനമരം മോഷണം പോയത്. 80,000 രൂപ വിലമതിക്കും.
ചന്ദനം വില്‍ക്കാനുണ്ടോ എന്ന് അന്വേഷിച്ച് ഷാഫിയും മുഹമ്മദും ദേവസ്ഥാനത്തിന്റെ ഭാരവാഹികളെ ചെന്ന് കണ്ടിരുന്നുവത്രെ. നല്ല വിലയും വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് കുറച്ച് നാള്‍ കഴിഞ്ഞാണ് മരത്തടികള്‍ മോഷണം പോകുന്നത്. ചന്ദനമരത്തടികള്‍ എവിടെയാണെന്ന് കണ്ടെത്താനായി പകല്‍ കച്ചവടത്തിനിറങ്ങുകയും രാത്രി മോഷണം നടത്തുകയുമാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇതേ രീതിയില്‍ പലയിടത്തും ചന്ദനമരമോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സിയാദിന്റെ വീട്ടില്‍ നിന്ന് ചന്ദനത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചെത്തി മിനുക്കി കാതല്‍ എടുത്തത് സിയാദിന്റെ വീട്ടില്‍ വെച്ചാണെന്നാണ് പൊലീസ് കരുതുന്നത്.

Keywords: Bedakam, Kasaragod, Accused, Robbery, Arrested, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.