Latest News

മുന്‍ ഡെപ്യൂട്ടി രജിസ്ട്രാറുടെ ദുരൂഹമരണം; അഭിഭാഷകയുടെ സഹോദരി അറസ്റ്റില്‍

കണ്ണൂര്‍: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ അഡ്വ. കെ വി ഷൈലജയുടെ സഹോദരി കെ വി ജാനകിയെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

പരേതനായ റിട്ട. സഹകരണ ഡപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ സ്വത്ത് വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് തളിപ്പറമ്പ് ഡി വൈ എസ് പി. കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘം ജാനകിയെ പയ്യന്നൂര്‍ സി ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
സഹോദരനായ രാഘവനൊപ്പം രാമന്തളിയില്‍ താമസിക്കുകയായിരുന്ന ജാനകിയെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാനകിയുടെ അറസ്റ്റ്.
അതിനിടെ പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിലെ മാനേജരെ തെറ്റിദ്ധരിപ്പിച്ച് കരസ്ഥമാക്കിയ വിവാഹസര്‍ട്ടിഫിക്കറ്റ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലകൃഷ്ണനെ വിവാഹം കഴിച്ചിട്ടില്ലെന്ന് ജാനകി പോലീസിന് മൊഴി നല്‍കി. ബാലകൃഷ്ണന്റെ പെന്‍ഷന്‍ തുക തനിക്ക് ലഭിക്കുന്നില്ലെന്നും ജാനകി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. 

ജാനകിയുടെ അക്കൗണ്ടിലെത്തുന്ന പെന്‍ഷന്‍ തുക നേരത്തെ ഒപ്പിട്ട് നല്‍കിയ ചെക്ക് ഉപയോഗിച്ച് സഹോദരി അഡ്വ. ഷൈലജയാണ് ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം ഈ കേസില്‍ മുഖ്യപ്രതിയായ അഡ്വ. ഷൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും എറണാകുളത്തുള്ളതായി പോലീസിന് സൂചനലഭിച്ചിട്ടുണ്ട്. ഷൈലജ താമസിച്ചിരുന്ന തായിനേരിയിലെ വീട് പൂട്ടിയിട്ട നിലയിലാണിപ്പോള്‍.
വ്യാജരേഖ ചമച്ച പ്രതികള്‍ പരിയാരത്തെയും തിരുവനന്തപുരത്തെയും ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ കൈക്കലാക്കിയതിന് പുറമെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം രൂപ പിന്‍വലിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്തുടര്‍ച്ചാവകാശിയെ കാണിക്കാത്ത അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചത് സംബന്ധിച്ച് കാനറാ ബാങ്ക് മാനേജരെയും ഉടന്‍ ചോദ്യം ചെയ്യും. 

തിരുവനന്തപുരം ജനറലാശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരിലെത്തിച്ച് സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവരവെ 2011 സപ്തംബര്‍ 11ന് യാത്രാമധ്യേ കൊടുങ്ങല്ലൂരില്‍ വെച്ച് മരണമടയുകയായിരുന്നു. ഇതോടെയാണ് ബാലകൃഷ്ണനും സഹോദരിയും തമ്മിലുള്ള വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച് സ്വത്ത് തട്ടിയെടുക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. 

മുഖ്യപ്രതി ഷൈലജയും ഭര്‍ത്താവും ഉടന്‍ തന്നെ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.


Monetize your website traffic with yX Media

 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.