Latest News

ചട്ടഞ്ചാല്‍ സ്വദേശിയടക്കം ആറ്‌ പേരെ തട്ടിക്കൊണ്ടുപോയി; അഞ്ച്‌ പേര്‍ അറസ്റ്റില്‍


കണ്ണൂര്‍: [www.malabarflash.com] കര്‍ണ്ണാടകയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ മണല്‍ കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകമൂലമാണെന്ന്‌ പറയുന്നു ചട്ടഞ്ചാല്‍ സ്വദേശി ഉള്‍പ്പെടെ ആറു പേരെ കണ്ണൂരില്‍ തട്ടിക്കൊണ്ടുപോയി. ഒരു രാത്രി മുഴുവന്‍ പെരുമഴയത്ത്‌ നിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌ത അക്രമി സംഘത്തിലെ അഞ്ചുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

അക്രമികള്‍ സഞ്ചരിച്ചിരുന്ന രണ്ട്‌ കാറുകളും തട്ടിക്കൊണ്ടുപോയ മൂന്ന്‌ ലോറികളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സംഘത്തെ കണ്ണൂര്‍ സിറ്റി സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തുവരുന്നു.

ചട്ടഞ്ചാല്‍, തെക്കിലിലെ അബ്‌ദുള്‍ സലാം (30), കര്‍ണ്ണാടക, ബണ്ട്വാള്‍, കൊപ്പളത്തെ ശിവകുമാര്‍ (24), കണ്ണൂര്‍, പുന്നാട്ടെ ബിജു (36), മണല്‍ ലോറിയില്‍ ഉണ്ടായിരുന്ന റഹിം (23) തുടങ്ങി ആറു പേരെയാണ്‌ കഴിഞ്ഞ ദിവസം കണ്ണൂര്‍, ചാലക്കുന്നില്‍വെച്ച്‌ വെച്ച്‌ മണല്‍ കയറ്റിയ ലോറികളുമായി തട്ടിക്കൊണ്ടുപോയത്‌.

 മണല്‍ വിവിധ കേന്ദ്രങ്ങളില്‍ ഇറക്കിയ സംഘം ലോറികളെ ഒളിപ്പിച്ചു. അതിനുശേഷം ലോറിയില്‍ ഉണ്ടായിരുന്നവരെ അജ്ഞാത കേന്ദ്രത്തില്‍ എത്തിച്ച്‌ മര്‍ദ്ദിച്ച്‌ അവശരാക്കിയശേഷം മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കുകയും ബുധനാഴ്ച രാവിലെ വരെ പെരുമഴയത്ത്‌ നിര്‍ത്തുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

എന്നാല്‍ അക്രമികള്‍ക്ക്‌ കണ്ടെത്താന്‍ കഴിയാതിരുന്ന ഫോണ്‍ ഉപയോഗിച്ച്‌ ലോറി ഉടമകളെ സംഭവം അറിയിച്ചു. അവര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ സി ഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍, ഏച്ചൂരിലെ കെ പി മുഹമ്മദ്‌ (23), മുണ്ടേരി കോട്ടത്തെ വിനോദ്‌ (30), ചാപ്പയിലെ മുഷാറാഫ്‌ (28), സുമേഷ്‌ (27), ഏച്ചൂരിലെ അരുണ്‍ലാല്‍ (28) എന്നിവരെ പിടികൂടിയത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട്‌ കാറുകളും പിടികൂടി. മധ്യസ്ഥരെന്ന വ്യാജേന എത്തിയാണ്‌ പൊലീസ്‌ അക്രമികളെ പിടികൂടിയത്‌.
മുഹമ്മദിന്റെയും സുമേഷിന്റെയും മണല്‍ ലോറികള്‍ കര്‍ണ്ണാടകയില്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയായാണ്‌ കണ്ണൂരില്‍ ലോറി തടഞ്ഞതെന്നും പൊലീസ്‌ പറഞ്ഞു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.