Latest News

മടിക്കൈ ജിഷ കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നു

നീലേശ്വരം:[www.malabarflash.com] പെരുമ്പാവൂരിലെ ജിഷയുടെയും കാസര്‍കോട് മടിക്കൈയിലെ ജിഷയുടെയും കൊലപാതകത്തിന് സമാനതകളേറെ. പേരിലുള്ള സാമ്യം പോലെ തന്നെ രണ്ടുപേരുടെയും കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുള്ളത് അന്യസംസ്ഥാനതൊഴിലാളികളാണ്.

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി അസം സ്വദേശിയായ യുവാവിന്റെ കഠാരയ്ക്കിരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴും മടിക്കൈയിലെ മറ്റൊരു ജിഷയുടെ പിതാവ് നീതിക്കായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ലോക്കല്‍ പോലീസിന്റെ രണ്ട് ടീമുകളും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ എല്ലാ വിവരങ്ങളും പുറത്ത് വന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ പലതരത്തിലുമുള്ള നിഗൂഢതകളും മറിഞ്ഞിരിപ്പുണ്ടെന്നും കേസ് സി ബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ജിഷുടെ പിതാവ് പി കെ കൃഷ്ണന്‍ നിയമ പോരാട്ടം തുടരുന്നത്.

പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണന്‍ നിയമയുദ്ധത്തില്‍ വീണ്ടും സജീവമായിക്കഴിഞ്ഞു.
2012 ഫെബ്രുവരി 19ന്‌രാത്രിയാണ് മടിക്കൈ കൂലോം റോഡിലെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ ഭര്‍തൃവീട്ടിലെ അടുക്കളയില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ജിഷയുടെ ഭര്‍തൃപിതാവിനെ പരിചരിച്ചിരുന്ന ഒഡീസ ജഡ്പൂര്‍ സ്വദേശി മദന്‍ മാലിക് എന്ന തുഷാര്‍ സിംഗ് മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം വീടിന്റെ ടെറസില്‍ ഒളിച്ചു കഴിയുന്നതിനിടയിലായിരുന്നു അറസ്റ്റ്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം അടുക്കളയില്‍ പാചകം നടത്തിക്കൊണ്ടിരുന്ന ജിഷയെ കറിക്കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. 

മോഷണശ്രമം തടഞ്ഞപ്പോഴായിരുന്നു കൊലയെന്ന രീതിയിലായിരുന്നു പോലീസ് അന്വേഷണം. കേസ് ജില്ലാകോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ജിഷയുടെ പിതാവ് കുഞ്ഞികൃഷ്ണന്‍ തടസവാദം ഉന്നയിച്ചു. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചും പുനരന്വേഷണം ആവശ്യപ്പെട്ടും അദ്ദേഹം ഹര്‍ജി നല്‍കി. തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും കേസ് പുനരന്വേഷണത്തിന് വിടുകയും ചെയ്തു. 

അന്നത്തെ നീലേശ്വരം സി ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തിയെങ്കിലും ആദ്യത്തെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിവെക്കുകയും മദന്‍ മാലിക് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
കേസ് വീണ്ടും വിചാരണ നടപടികള്‍ക്കായി കോടതിയിലെത്തി.ഇതോടെ ജിഷയുടെ പിതാവ് കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ചതോടെ കോടതി ജിഷ കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഈ അന്വേഷണത്തിലും ഘാതകന്‍ മദന്‍ മാലിക് തന്നെയാണെന്ന ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍ ശരിവെച്ചു.കേസ് വീണ്ടും വിചാരണയ്ക്കായി കോടതിയിലെത്തി.
തനിക്ക് നീതി ലഭിച്ചില്ലെന്നും ഇതുവരെ നടത്തിയ അന്വേഷണമൊന്നും തൃപ്തികരമല്ലെന്നും കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവുമായി പിതാവ് കുഞ്ഞികൃഷ്ണന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഇതോടെ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കേസ് സി ബി ഐയ്ക്ക് വിടണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ തീരുമാനമായിട്ടില്ല.ജിഷ വധത്തില്‍ ഒന്നിലേറെപ്പേര്‍ പങ്കാളികളാണെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നുമാണ് പിതാവ് കൃഷ്ണന്റെ ആരോപണം.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.