Latest News

ബൈക്കുകളില്‍ പറക്കുന്ന കുട്ടികളെ കുടുക്കിട്ട് വീഴ്ത്താന്‍ മിന്നല്‍സേന

കാസര്‍കോട്:[www.malabarflash.com] ബൈക്കുകളില്‍ പറക്കുന്ന കുട്ടികളെ ഒരു കാരണവശാലും വിടില്ലെന്ന ദൃഡനിശ്ചയത്തിലാണ് പോലീസ്. ജില്ലയിലെ എല്ലാപോലീസ് സ്റ്റേഷനുകളിലും മിന്നല്‍സേന എന്ന പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഇത്തരം സംഭവങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ നിയമപാലകര്‍ രംഗത്തിറങ്ങി.

ജില്ലാ പോലീസ് മേധാവി തേംസണ്‍ ജോസിന്റെ നിര്‍ദ്ദേശപ്രകാരം ഡി വൈ എസ് പിമാരുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷാകര്‍ത്താക്കള്‍ക്കും ആര്‍.സി ഉടമകള്‍ക്കുമെതിരെ കേസ് എന്ന നിയമം ഊര്‍ജിതമാക്കിയപ്പോള്‍ ജില്ലയില്‍ ഐ.പി.സി 336 കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്.
ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല്‍പ്പതോളം കേസുകളാണ്. 

കൂടുതലും മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍ സ്‌റ്റേഷനുകളിലാണ്.വരും ദിവസങ്ങളില്‍ ഹൊസ്ദുര്‍ഗ് അടക്കമുള്ള മറ്റ് പോലീസ് സ്റ്റേഷനുകളിലും കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കും. കുട്ടികളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് അന്തസ്സിന്റെ ഭാഗമാക്കിയ മാതാപിതാക്കള്‍ക്ക് അത് തിരുത്താനുള്ള മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. 

കുട്ടികളെ പ്രായപൂര്‍ത്തിയാകാതെ ഡ്രൈവിങ് പഠിപ്പിക്കരുത്, വാഹനങ്ങളുടെ താക്കോലുകള്‍ രഹസ്യമായി സൂക്ഷിക്കുക, ലേണേഴ്‌സ് ടെസ്റ്റ് എഴുതാതെഡ്രൈവിങ് പഠിപ്പിക്കുന്നതില്‍നിന്ന്‌ഡ്രൈവിങ് സ്‌കൂളുകള്‍ പിന്തിരിയുക എന്നിവയാണ് പൊലീസ് നടപടികൊണ്ട് ഉദ്ദേശിക്കുന്നത്.


കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയ പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റ ശേഷം വിദ്യാനഗര്‍ സ്‌റ്റേഷനില്‍ നാലുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോഴും അവിടെ ഇത്തരം കേസുകളുടെ എണ്ണം പെരുകുകയാണ്. ഈ നിയമം കര്‍ശനമാക്കുകയാണെന്നും കുട്ടികള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി. കുട്ടികള്‍ ബൈക്കോടിച്ചാല്‍ പിഴ ഈടാക്കുന്നതിനുപുറമെ മൂന്നുതവണയെങ്കിലും രക്ഷിതാക്കളും ആര്‍.സി ഉടമകളും കോടതി കയറേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്.

കുട്ടികളെ വീട്ടുകാര്‍ തന്നെ ഡ്രൈവിങ് പഠിപ്പിച്ച് അവര്‍ക്ക് പൊതുനിരത്തില്‍ ഓടിക്കാന്‍ നല്‍കുന്നത് രക്ഷിതാക്കള്‍ അന്തസ്സിന്റെ ഭാഗമായി മാറ്റിയിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ സാന്നിധ്യത്തില്‍ ചേരുന്ന സര്‍വകക്ഷിയോഗങ്ങളില്‍ കുട്ടികള്‍ വാഹനം ഓടിക്കുന്നതിനെതിരെ പ്രത്യേക മുന്നറിയിപ്പും നല്‍കുന്നുണ്ട്. 

കുട്ടികള്‍ ഓടിച്ച വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ഇതിനുമുമ്പ് നിരവധി മരണങ്ങള്‍ നടന്നിട്ടുണ്ട്.ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതിലേറെയും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.