Latest News

മരിച്ച് ഏഴുവർഷം കഴിഞ്ഞ് ജവാൻ തിരിച്ചെത്തി; സിനിമയെ വെല്ലുന്ന ജീവിതം


ഡെറാഡൂൺ: [www.malabarflash.com] ഒരപകടത്തിൽ ഓർമ നഷ്ടപ്പെട്ടയാൾക്ക് ഏഴു വർഷത്തിന് ശേഷം മറ്റൊരപകടത്തിൽ ഓർമ തിരിച്ചുകിട്ടുക. വാതിലിൽ മുട്ടുകേട്ട പിതാവ് വാതിൽ തുറക്കുമ്പോൾ ഏഴുവർഷത്തിന് മുൻപ് മരിച്ച മകൻ മുമ്പിൽ നിൽക്കുക. ഇതെല്ലാം സിനിമക്കഥയല്ലാതെ മറ്റെന്താണ് എന്ന് തോന്നാം. എന്നാൽ ഏഴുവർഷങ്ങൾക്കുശേഷം ഓർമ വീണ്ടുകിട്ടി സ്വന്തം കുടുംബത്തിൽ തിരിച്ചെത്തിയ ജവാന്‍റെ യഥാർഥ കഥയാണിത്. ധരംവീർ സിങ് എന്ന സൈനികന്‍റെ ജീവിതത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.
2009ൽ ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിലാണ് ധരംവീറിനെ കാണാതായത്. സൈനികവാഹനത്തിന്‍റെ ഡ്രൈവറായിരുന്ന ധരംവീർ മറ്റ് സൈനികർക്കൊപ്പം യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരുടെയും മൃതദേഹം കണ്ടെത്തനായില്ല. കുറച്ചുദിവസങ്ങൾക്ക് ശേഷം മറ്റ് സൈനികർ ക്യാമ്പിൽ തിരിച്ചെത്തി. അപ്പോഴും ധരംവീർ തിരിച്ചെത്തിയില്ല.
ഏറെനാൾ അന്വേഷിച്ചിട്ടും ധരംവീറിനെ കണ്ടെത്താനാകാത്തതിനാൽ മൂന്നുവർഷങ്ങൾക്കുശേഷം സൈന്യം അദ്ദേഹത്തെ മരിച്ചതായി പ്രഖ്യാപിച്ചു. കുടുംബത്തിന് പെൻഷൻ നൽകുകയും ചെയ്തു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ധരംവീറിന്‍റെ കുടുംബം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ കതകിൽ ആരോ മുട്ടുന്നതായി കേട്ടത്. കതക് തുറന്നു നോക്കിയ പിതാവ് സ്തബ്ധനായി നിന്നുപോയി. മരിച്ചുവെന്ന് കരുതിയ തന്‍റെ മകൻ ജീവനോടെ നിൽക്കുന്നു. റിട്ടയേര്‍ഡ് സുബേദാര്‍ കൂടിയായ കൈലാഷ് യാദവ് സന്തോഷം കൊണ്ട് വീർപ്പുമുട്ടി.
അപകടത്തിനുശേഷമുണ്ടായ നാളുകളെക്കുറിച്ച് ധരംവീർ പറയുന്നത് ഇപ്രകാരമാണ്: അപകടത്തിന് ശേഷം ഓർമ നഷ്ടപ്പെട്ട ധരം വീർ ഹരിദ്വാറിൽ ഒരു തെരുവിൽ ഭിക്ഷയെടുക്കുകയായിരുന്നു. അവിടെ വെച്ച് കഴിഞ്ഞ ആഴ്ച ഒരു ബൈക്ക് വന്നിടിച്ചു. ബൈക്ക് യാത്രക്കാരൻ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് ഓർമ തിരിച്ചുകിട്ടിയത്. ബൈക്ക് യാത്രക്കാരൻ തന്ന 500 രൂപ കൊണ്ട് ഹരിദ്വാറിൽനിന്നും ഡൽഹിക്ക് ടിക്കറ്റെടുത്തു. അവിടെനിന്നും വീട്ടിലെത്തി.
മക്കളെല്ലാം ഒരുപാട് വലുതായി. മൂത്ത കുട്ടി പന്ത്രണ്ടാം ക്ളാസിലും ഒരു കുട്ടി പത്താം ക്ലാസിലുമാണ് പഠിക്കുന്നത്. അവരെല്ലാം തന്നെ തിരിച്ചറിയുന്നത് സന്തോഷം തരുന്നുവെന്ന് ധരംസിങ് പറയുന്നു. തന്നെ ഇടിച്ചിട്ടുകയും അതുവഴി ജീവിതം തിരിച്ചു നൽകുകയും ചെയ്ത ബൈക്ക് യാത്രക്കാരനോട് മനസുകൊണ്ട് നന്ദി പറയുകയാണ് ധരംവീർ. ഒരുപക്ഷെ ദൈവം തന്നെയാകാം ബൈക്ക് യാത്രക്കാരന്‍റെ രൂപത്തിൽ വന്നതെന്നും ഇയാൾ കരുതുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.