Latest News

ഒരു മാസക്കാലത്തെ വ്രതപുണ്യത്തിനൊടുവില്‍ വിശ്വാസികള്‍ ഈദുല്‍ ഫിത്വറിനെ വരവേറ്റു

കോഴിക്കോട്:[www.malabarflash.com] അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്. മണ്ണിലും വിണ്ണിലും നാഥന്റെ സ്‌തോത്രങ്ങള്‍ ഉയര്‍ന്നു. ഒരു മാസക്കാലത്തെ വ്രതപുണ്യത്തിനൊടുവില്‍ വിശ്വാസികള്‍ ഈദുല്‍ ഫിത്വറിനെ വരവേറ്റു. ത്യാഗത്തിനൊടുവിലെ ആഹ്ലാദത്തിന്റെ സുദിനമാണ് വിശ്വാസികള്‍ക്ക് ചെറിയപെരുന്നാള്‍. റമസാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ ഇൗദുൽ ഫിത്വർ എത്തിയത്.

സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെ സന്ദേശവുമായാണ് ചെറിയപെരുന്നാള്‍ എത്തുന്നത്. ചെറിയവനും വലിയവനും ദരിദ്രനും സമ്പന്നനും വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സന്തോഷിക്കാനുള്ള അവസരമത്രെ ചെറിയ പെരുന്നാൾ. ഒരാള്‍ പോലും ചെറിയപെരുന്നാള്‍ ദിനം പട്ടിണി കിടന്നുകൂടാ എന്ന ഇസ്ലാമിന്റെ നിഷ്‌കര്‍ഷയാണ് ചെറിയപെരുന്നാള്‍ ദിനത്തിലെ ഫിത്വര്‍ സക്കാത്തിന്റെ സന്ദേശം. ചെറിയപെരുന്നാള്‍ ദിവസത്തെ ചെലവ് കഴിച്ച് മിച്ചം വരുന്നവര്‍ ഇല്ലാത്തവന് ഫിത്വര്‍ സക്കാത്ത് നല്‍കണം. നാട്ടില്‍ പ്രചാരത്തിലുള്ള ധാന്യമാണ് നല്‍കേണ്ടത്.

ചെറിയ പെരുന്നാള്‍ ദിനത്തില്‍ രാവിലെ കുളിച്ചൊരുങ്ങി പുത്തന്‍ഉടയാടകള്‍ അണിഞ്ഞ് പള്ളിയിലേക്ക് നീങ്ങുന്ന വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പരസ്പരം ആശ്ലേഷിച്ച് സ്‌നേഹം പങ്കുവെക്കും. മനസ്സില്‍ നിന്ന് മനസ്സിലേക്ക് സ്‌നേഹത്തിന്റെ നീരുറവയൊഴുക്കും. ബന്ധുവീടുകളിലെ സന്ദര്‍ശനമാണ് നിസ്‌കാരം കഴിഞ്ഞാല്‍ അടുത്തത്. പെരുന്നാള്‍ ദിനത്തില്‍ രോഗികളെ സന്ദര്‍ശിക്കുന്നതിന് പ്രത്യേകം പുണ്യമുണ്ട്.

ഒരു മാസത്തെ വ്രതത്തിലൂടെ നേടിയ പുണ്യം ഒറ്റ ദിവസത്തെ ആഘോഷത്തിലൂടെ നഷ്ടപ്പെടുത്തരുതെന്ന് പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു. ആഹ്ലാദത്തിനിടയില്‍ ഇസ്ലാമിക ചിട്ടകള്‍ കൈവെടിയരുതെന്നും അവര്‍ ഉത്‌ബോധിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.