Latest News

മുന്നണി മാറ്റം ആലോചനയിലില്ല, അഭിപ്രായങ്ങൾ സ്വാഭാവികം: കെ.എം.മാണി


കോട്ടയം:  [www.malabarflash.com] കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം ആലോചനയിലില്ലെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി. പാർട്ടിയിൽ പല അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. സ്വയം വിമർശനപരമായ ചർച്ചയാണ് സ്റ്റിയറിങ് കമ്മിറ്റിയിൽ നടന്നത്. ബാർ കോഴ സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തിയത് ആശ്വാസത്തിന് വേണ്ടിയാണ്. എല്ലാവർക്കുമുള്ള മറുപടിയാണ് തിരഞ്ഞെടുപ്പിൽ പാലായിലെ ജനങ്ങൾ നൽകിയത്. 13 വർഷമായി തന്നെ ജനങ്ങൾ നിയമസഭയിലേക്ക് ജയിപ്പിക്കുന്നു. നല്ല സഹനശക്തിയുള്ള പാർട്ടിയാണിത്. അൻപത് വർഷത്തിനിടെ ഒട്ടേറെ ഇടി ലഭിച്ചിട്ടുണ്ട്. ഇടി കിട്ടുംതോറും തഴച്ചുവളർന്ന ചരിത്രമാണുള്ളതെന്നും കെ.എം.മാണി സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കേരള കോൺഗ്രസ് (എം) യുഡിഎഫ് വിടണമോ എന്നത് പാർട്ടി നേതൃത്വത്തിന് തീരുമാനിക്കാമെന്നാണ് കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ അഭിപ്രായമുയർന്നിരുന്നു. പാർട്ടി എടുക്കുന്ന ഏതുതീരുമാനവും അംഗീകരിക്കുമെന്ന് എംഎൽഎമാർ നിലപാടെടുത്തു. മുന്നണി വിടണമെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും നിലപാട്. കോൺഗ്രസ് വഞ്ചിച്ചു, വഞ്ചകരുടെ കൂടെ തുടരേണ്ടതില്ലെന്നും അഭിപ്രായം ഉയർന്നു. ബജറ്റ്, ബാർ കോഴ വിഷയത്തിൽ മാണിയെ ഒറ്റപ്പെടുത്തി. മാണിയുടെ ബജറ്റിനെ വിമർശിച്ചവർ ഐസക്കിന്റെ ബജറ്റിനെപ്പറ്റി ഒരക്ഷരം പോലും മിണ്ടിയില്ലെന്നും സമിതി അംഗങ്ങൾ കുറ്റപ്പെടുത്തി.
അതേസമയം, ബാര്‍കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നു കെ.എം. മാണി നേരത്തെ പറഞ്ഞു. യോഗത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പോർട്ട് പുറത്തുവിട്ടാല്‍ അത് യുഡിഎഫിന്റെ നിലനിൽപ്പിനെ ബാധിക്കും. വിവരങ്ങള്‍ പാര്‍ട്ടിക്കു മനസ്സിലാക്കാന്‍ വേണ്ടിയാണ് അന്വേഷണം നടന്നത്. ആരോപണത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ പാര്‍‍ട്ടിക്ക് അറിയാം. കോടതി പരിഗണിക്കുന്ന വിഷയമാണിതെന്നും ഇതില്‍ കോടതി തീരുമാനമെടുക്കുമെന്നും മാണി പറ‍ഞ്ഞു.

Keywords: K.M Mani, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.