മഞ്ചേശ്വരം: [www.malabarflash.com] കണക്കില്‍പെടാത്ത 21,030 രൂപയുമായി ഹൈവെ പോലീസ് സംഘത്തെ വിജിലന്‍സ് ഡി.വൈ.എസ്.പി. കെ.വി രഘുരാമന്‍ അറസ്റ്റ് ചെയ്തു. ഹൈവെ പോലീസ് സ്‌ക്വാഡ് ഒന്നിലെ എസ്.ഐ. എ.പി ബേഡു, പോലീസുകാരായ എം.ടി രതീഷ്, ടി. രതീഷ്, ഡ്രൈവര്‍ ടി. രജിത് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് ഉപ്പള നയാബസാറില്‍ വെച്ചാണ് വിജിലന്‍സ് ഡി.വൈ.എസ്.പിയും സംഘവും ഹൈവെ പോലീസ് സംഘത്തെ വളഞ്ഞത്. പരിശോധനയില്‍ എസ്.ഐയുടെ കീശയില്‍ 2030 രൂപ കണ്ടെത്തി. കൂടുതല്‍ പരിശോധനക്കിടയില്‍ ഹൈവെ പോലീസ് വണ്ടി നിര്‍ത്തിയിരുന്ന സ്ഥലത്തുള്ള കടയുടെ സമീപം ഒരു ബാഗ് കണ്ടെത്തി. ബാഗില്‍ 19,000 രൂപയുണ്ടായിരുന്നു. സാധാരണ ഡി.വൈ.എസ്.പി, എസ്.പി റാങ്കിലുള്ളവര്‍ പരിശോധനക്ക് എത്താറുണ്ട്. അതിനാല്‍ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പണം ബാഗിലാക്കി കടയുടെ വരാന്തയില്‍ സൂക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. ഡ്യൂട്ടി തുടങ്ങുമ്പോള്‍ ജനറല്‍ ഡയറിയില്‍ കയ്യിലുള്ള പണം എത്രയെന്ന് രേഖപ്പെടുത്തി വെക്കണമെന്നാണ് നിയമം. 1070 രൂപ ഉണ്ടെന്നാണ് എസ്.ഐ. രേഖപ്പെടുത്തിയിരുന്നത്. ഇത് കൂടാതെ പിഴയായി വാഹനങ്ങളില്‍ നിന്ന് വാങ്ങിയ പണം വേറെയുമുണ്ടായിരുന്നു. അതിന് രശീതി ഉണ്ട്. ഇതില്‍ രണ്ടിലും പെടാതെയാണ് 21030 രൂപ കണ്ടെത്തിയത്. ഇത് രാവിലെ വീതിച്ചെടുക്കുകയാണത്രെ ചെയ്യുന്നത്. 5257 രൂപ 50 പൈസ ഒരു പോലീസുകാരന് ലഭിക്കും. ചില എസ്.ഐ.മാര്‍ അധികം വാങ്ങുമത്രെ. റാങ്ക് കൂടുതലുള്ളവര്‍ക്ക് കൂടുതല്‍ തുക എന്ന രീതിയും ഉണ്ട്. തലപ്പാടി മുതല്‍ പൊയിനാച്ചി വരെയാണ് ഹൈവെ പോലീസ് സ്‌ക്വാഡ് ഒന്നിന്റെ നിരീക്ഷണം വേണ്ടത്. എങ്കിലും കൂടുതല്‍ പൂഴിലോറി ഓടുന്ന സ്ഥലങ്ങളിലാണ് സംഘം നിലയുറപ്പിക്കാറുള്ളത്. ഒരു പൂഴി ലോറിയില്‍ നിന്ന് 500 രൂപ വെച്ചാണ് ഹൈവെ പോലീസ് വാങ്ങുന്നത്. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെ 50 പൂഴി ലോറികള്‍ കടന്ന് പോകുന്നുണ്ടെന്നാണ് വിവരം. ഇന്നലെ ലോറികള്‍ കുറവായിരുന്നു. ഇല്ലെങ്കില്‍ പ്രതിദിനം ഹൈവെ പോലീസ് സ്‌ക്വാഡിന് ആളൊന്നിന് 10,000 രൂപയെങ്കിലും കിട്ടുന്നുണ്ടെന്നാണ് കണക്ക്.
ഹെല്‍മറ്റ് വെക്കാത്തവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും പകല്‍ പിന്തുടര്‍ന്ന് പിടിച്ച് നിയമം പാലിക്കുന്ന പോലീസുകാര്‍ രാത്രി നടത്തുന്ന തീവെട്ടിക്കൊള്ള കണ്ടെത്തിയ വിജിലന്‍സിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായി.
മണല്‍മാഫിയ സംഘം പോലീസില്‍ ചെലുത്തുന്ന സ്വാധീനം ഉത്തരദേശം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ പോലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്നത് പൂഴിമാഫിയയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ വന്നാലും അവരെ പണം കാട്ടി പ്രലോഭിപ്പിച്ച് പൂഴി മാഫിയ വറുതിയിലാക്കുന്നുവെന്നാണ് വിവരം.
പൂഴി മാഫിയ ചില ഉദ്യോഗസ്ഥര്‍ക്കെല്ലാം മാസപ്പടി നല്‍കുന്നുണ്ടത്രെ. കൃത്യമായി മാസപ്പടി വാങ്ങി വരുന്ന സംഘം വിജിലന്‍സ് നിരീക്ഷണത്തിലാണ്. ഇന്ന് പുലര്‍ച്ചെ നടന്ന റെയ്ഡിന് സി.ഐ.മാരായ പി. ബാലകൃഷ്ണന്‍ നായര്‍, എം. അനില്‍ കുമാര്‍ എന്നിവരും ഡി.വൈ.എസ്.പിക്കൊപ്പം നേതൃത്വം നല്‍കി. തഹസില്‍ദാര്‍മാരായ അഹമ്മദ് കബീര്‍, ശശിധര ഷെട്ടി എന്നിവര്‍ സാക്ഷികളായി ഒപ്പമുണ്ടായിരുന്നു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment