Latest News

ഉത്തരാഖണ്ഡില്‍ മേഘസ്ഫോടനം: 30 മരണം




ഡെറാഡൂണ്‍: [www.malabarflash.com] ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മേഘസ്ഫോടനത്തില്‍ 30 മരണം. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. ഇതേ തുടര്‍ന്ന് മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.
മണ്ണിടിച്ചില്‍ രൂക്ഷമായ പിതോറഗറില്‍ നിന്നും അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഗോപേശ്വറിലെ സിരോ ഗ്രാമത്തില്‍ നിന്നും രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ തകര്‍ന്നു. ദാര്‍ഛുല ഏരിയയിലെ സുര ഗ്രാമത്തിലെ കൃഷി പൂര്‍ണമായും നശിക്കുകയും പ്രദേശത്തെ മൂന്ന് പാലങ്ങള്‍ തകരുകയും ചെയ്തു.
താല്‍ മുന്‍സ്യാരി റോഡ് തകര്‍ന്നതു മൂലം പ്രദേശത്ത് നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. യമുനോത്രി ദേശീയപാതയിലെ ചില ഭാഗങ്ങളും മഴയില്‍ തകര്‍ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേദാര്‍നാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു.
കഴിഞ്ഞ ദിവസം 54 മില്ലി മീറ്റര്‍ മഴയാണ് ഉത്തരാഖണ്ഡില്‍ രേഖപ്പെടുത്തിയത്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. നൈനിറ്റാള്‍, ഉദ്ദംസിങ് നഗര്‍, ചമ്പാവാത്, അല്‍മോറ, പുരി, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അടുത്ത 74 മണിക്കൂറില്‍ കനത്തമഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.