ചെംഗം: [www.malabarflash.com] പൊതുജനമധ്യത്തിൽ മാതാപിതാക്കളെയും കൗമാരക്കാരനെയും പോലീസുകാർ തല്ലിച്ചതച്ചു. തമിഴ്നാട്ടിലെ ചെംഗത്താണ് സംഭവം. പോലീസുകാർ മർദ്ദിക്കുന്നതിന്റെ വിഡിയോ ആരോ മൊബൈലിൽ പകർത്തിയത് വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. പ്രദേശത്തെ ചന്തയ്ക്കു സമീപമായാണ് കുടുംബത്തിനു മർദനമേറ്റത്.
ഓട്ടോറിക്ഷാ ഡ്രൈവറായ രാജ, ഭാര്യ ഉഷ, പതിനേഴുകാരനായ മകൻ എന്നിവർ ഒരു കല്യാണത്തിനു പോകുകയായിരുന്നു. അതിനിടയ്ക്കാണ് രാജയും ഉഷയും തമ്മിൽ വാഗ്വാദത്തിലേർപ്പെട്ടത്. ഇതിനിടയിലേക്കെത്തിയ പോലീസുകാരോട് കുടുംബവിഷയമാണെന്ന് മകൻ പറഞ്ഞു. ഇതിൽ രോഷംപൂണ്ട പോലീസുകാർ മകനെയും രാജയെയും മർദിച്ചു. ഉഷയുടെ ദയനീയ അപേക്ഷ പോലും പോലീസുകാർ ചെവിക്കൊണ്ടില്ല.
ഭർത്താവിനെയും മകനെയും തല്ലുന്നതിനിടെ ഉഷയ്ക്കും മർദനമേറ്റു. തന്റെ കുടുംബ വിഷയത്തിൽ എന്തിന് ഇടപെടുന്നുവെന്ന മകന്റെ ചോദ്യവും പോലീസുകാരെ ചൊടിപ്പിച്ചു. പരുക്കേറ്റ മൂവരും ഇപ്പോൾ ആശുപത്രിയിലാണ്.
അതേസമയം, പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രണ്ടുമണിക്കൂറോളം ജനക്കൂട്ടം റോഡ് ഉപരോധിച്ചു. പിന്നീട് ജില്ലാ പോലീസ് മേധാവിയെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്നു ഉറപ്പുനൽകിയതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. കാക്കിയുടെ ഹുങ്കാണ് പോലീസുകാർക്കെന്നും ഒരുതരി ക്ഷമപോലും അവർക്കുണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. ദമ്പതികളെയും മകനെയും മർദ്ദിച്ച മൂന്നു പോലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment