Latest News

പൊയിനാച്ചിയിലെ സെന്റ് മേരീസ് പള്ളിയിലും നായന്മാര്‍മൂലയിലെ ഗള്‍ഫുകാരന്റെ വീട്ടിലും മോഷണം

കാസര്‍കോട്:[www.malabarflash.com] പൊയിനാച്ചിയില്‍ ചര്‍ച്ചിലും നായന്മാര്‍മൂലയിലെ ഗള്‍ഫുകാരന്റെ വീട്ടിലും കവര്‍ച്ച. പൊയ്‌നാച്ചി സെന്റ് മേരീസ് പള്ളിയില്‍ നിന്ന് അരഗ്രാം പൊന്‍ കുരിശും നായന്മാര്‍മൂലയിലെ റസാഖിന്റെ വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 4000 രൂപയും ടാബും മോഷണം പോയി.

ചര്‍ച്ചിന്റെ ഇടത് ഭാഗത്തുള്ള വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. ഇരുമ്പ് അലമാരയുടെ പൂട്ടുകള്‍ പൊളിച്ച് സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്. അച്ചന്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വസ്ത്രം മാറുന്ന മദ്ഹബയില്‍ കയറി സാധനങ്ങള്‍ വലിച്ചിട്ടിട്ടുണ്ട്. അകത്താരക്ക് സമീപത്തുള്ള നേര്‍ച്ചപ്പെട്ടി പൊളിച്ച നിലയിലാണ്. റോഡരികിലെ നേര്‍ച്ചപ്പെട്ടിയും പൊളിച്ചിട്ടുണ്ട്. പള്ളിയില്‍ കാണിക്കയായി നേര്‍ന്ന അരഗ്രാം പൊന്‍കുരിശ് കാണാനില്ല. മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. 

2012 ഡിസംബറിലും 2013ലും ചര്‍ച്ചില്‍ മോഷണം നടന്നിരുന്നു. 2012ലെ മോഷണക്കേസില്‍ പള്ളിക്കരയിലെ താജുദ്ദീനെ പോലീസ്‌ അറസ്റ്റ് ചെയ്തിരുന്നു. കേസ് കോടതിയില്‍ നടന്ന് വരികയാണ്. 2013ല്‍ വീഞ്ഞ് കുടിച്ചാണ് മോഷ്ടാവ് കടന്ന് കളഞ്ഞത്. കേസില്‍ അന്ന് ആരെയും പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കൂടിയായ കാസര്‍കോട്ടെ വികാരി ഫാ. മാണി മേല്‍വട്ടമാണ് പൊയിനാച്ചി സെന്റ് മേരീസ് പള്ളിയിലും കുര്‍ബാനക്ക് നേതൃത്വം നല്‍കാറുള്ളത്. തുടര്‍ച്ചയായി മോഷണം നടന്ന പള്ളിയായതിനാല്‍ പോലീസുകാരുടെ ബീറ്റില്‍ ഇതും ഉള്‍പ്പെടുത്തിയിരുന്നു. എന്നും രാത്രി പോലീസ് പട്രോളിംഗിനിടയില്‍ ഇവിടെ എത്തി ഒപ്പിട്ട് മടങ്ങാറുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരമണിക്ക് വനിതാ എസ്.ഐയും സംഘവും ഒപ്പിടാനെത്തിയപ്പോഴാണ് വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. ഉടന്‍ പള്ളി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പള്ളിയുടെ മേല്‍നോട്ടക്കാരന്‍ എന്‍.എം തോമസ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
നായന്മാര്‍മൂലയിലെ അബ്ദുല്‍റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്ന് പവന്‍ സ്വര്‍ണാഭരണം, 4,000 രൂപ, 8,000 രൂപ വിലവരുന്ന ടാബ് എന്നിവയാണ് മോഷണം പോയത്.
റസാഖും കുടുംബവും വെള്ളിയാഴ്ച വീട് പൂട്ടി കണ്ണൂരിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു.
ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ഭാഗത്തെവാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. പിറക് ഭാഗത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. അകത്തെ രണ്ട് അലമാരകളിലായി സൂക്ഷിച്ച രണ്ട് സ്വര്‍ണ വള, അഞ്ച് മോതിരം, പണം, ടാബ് എന്നിവയാണ് നഷ്ടപ്പെട്ടത്. വിദ്യാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി..





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.