Latest News

മലയാളികള്‍ കൂട്ടത്തോടെ ഭീകര സംഘടനകളില്‍ ചേര്‍ന്നുവെന്ന പ്രചാരണം തെറ്റ്: അന്വേഷണ സംഘം

കൊച്ചി:[www.malabarflash.com] രാജ്യാന്തര ഭീകരസംഘടനയിലേക്കു കേരളത്തിലെ യുവാക്കള്‍ കൂട്ടത്തോടെ ചേര്‍ന്നതായുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം. കൊച്ചിയില്‍ നിന്നു സമീപകാലത്തു കാണാതായവരെ സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

ഒറ്റപ്പെട്ട കേസുകളില്‍ ആരെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത കുറ്റാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.

കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുടെ ഭാഗമായിരുന്ന ചില യുവാക്കള്‍ മതം മാറി വിദേശത്തേക്കു കടന്നിട്ടുണ്ട്. ഇവരില്‍ ചിലര്‍ 'ക്വട്ടേഷന്‍ ഗുണ്ടായിസം' മാതൃകയില്‍ ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. നഗരത്തിലെ ഗുണ്ടാത്തലവന്മാരെ ജയിലില്‍ അടച്ചതോടെയാണു ഗുണ്ടകള്‍ മറ്റു മേഖലകളിലേക്കു നീങ്ങിയത്.

ലഹരി മരുന്ന്, കുഴല്‍പണം കടത്തുകളിലേക്കാണ് ഇവര്‍ കൂടുതലായി എത്തിയത്. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വ്യാജ തിരിച്ചറിയല്‍ രേഖകളും യാത്രാരേഖകളും ഉണ്ടാക്കാന്‍ വേണ്ടിയും പലരും മതം മാറി പുതിയ പേരു സ്വീകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കാണാതെ പോയവരെ തിരികെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു സമീപകാലത്തു കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹേബിയസ് കോര്‍പസ് കേസുകളുടെ വിശദാംശങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ശേഖരിക്കുന്നുണ്ട്. 

ബന്ധുക്കളുടെ താല്‍പര്യത്തിനു വിരുദ്ധമായി ഒളിച്ചോടി വിവാഹം കഴിച്ച പെണ്‍മക്കളെ തിരികെ കിട്ടാന്‍ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് കേസുകളാണു കൂടുതലായുള്ളത്. 

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ പ്രത്യേക സംഘമാണു കേരളാ പോലീസിന്റെ സഹായത്തോടെ സംസ്ഥാനത്തു വിവര ശേഖരണം നടത്തുന്നത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.