Latest News

കുറ്റിക്കോല്‍ സി.പി.എമ്മില്‍ വീണ്ടും വിഭാഗീയത; ഏരിയ സെക്രട്ടറി എത്തും മുമ്പ് ബ്രാഞ്ച് സെക്രട്ടറി കൊടിയുയര്‍ത്തി മടങ്ങി; വാക്കേറ്റം, സംഘര്‍ഷം


കുറ്റിക്കോല്‍ [www.malabarflash.com]: കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി കുറ്റിക്കോലില്‍ സി.പി.എം ഏരിയാ സെക്രട്ടറി സി. ബാലന്‍ പതാക ഉയര്‍ത്തേണ്ട കൊടിമരത്തില്‍ കുറ്റിക്കോല്‍ ബ്രാഞ്ച് സെക്രട്ടറിയും സംഘവും പതാക ഉയര്‍ത്തി മടങ്ങിയത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. രാവിലെ 6 മണിക്ക് പ്രകടനമായി വന്ന് പതാക ഉയര്‍ത്താനായിരുന്നു സി.പി.എം തീരുമാനം. എന്നാല്‍ അതിന് മുമ്പ് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി അമ്പുവിന്റെ നേതൃത്വത്തില്‍ ഇരുപതോളം സി.പി.എം പ്രവര്‍ത്തകരെത്തി പതാക ഉയര്‍ത്തി. സംഭവം കണ്ട് നിന്ന ഒരു ലോക്കല്‍ സെക്രട്ടറി തടയാന്‍ ശ്രമിച്ചെങ്കിലും വാക്ക് തര്‍ക്കമുണ്ടായി. ആറ് മണിക്ക് സി. ബാലന്റെ നേതൃത്വത്തില്‍ പ്രകടനമെത്തിയപ്പോള്‍ കൊടിമരത്തില്‍ പതാക ഉയര്‍ത്തിയ നിലയില്‍ കണ്ടു. അതോടെ അല്‍പനേരം വാക്കേറ്റം നടന്നുവെങ്കിലും പ്രകടനമായി വന്നവര്‍ തിരിച്ച് പോയി പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി മന്ദിരത്തിന് മുമ്പില്‍ പതാക ഉയര്‍ത്തി.
2014ല്‍ കൃഷ്ണപിള്ളാദിനം വെവ്വേറെയാണ് വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും ആചരിച്ചത്. ഇത്തവണ ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നൂറിലേറെ വിമത പക്ഷം സി.പി.ഐ.യില്‍ ചേര്‍ന്നിട്ടും കുറ്റിക്കോലില്‍ സി.പി.എമ്മിനകത്ത് വിഭാഗീയത നിലനില്‍ക്കുന്നുവെന്നാണ് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നത്.
കുറ്റിക്കോല്‍, ഞെരു, കളക്കര, അത്തിയടുക്കം, പയ്യങ്ങാനം, നെല്ലിത്താവ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഇരുനൂറ്റമ്പതോളം പ്രവര്‍ത്തകര്‍ സി.പി.എം ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തു. പി.വി രാഘവന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി സി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി. ബാലന്‍, ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.
സി.പി.ഐ.യില്‍ ഇത്തവണ അഞ്ചിടങ്ങളിലാണ് കൃഷ്ണപിള്ളാദിനാചരണം നടത്തിയത്. നെല്ലിത്താവ് കാഞ്ഞാനടുക്കത്ത് പി. ഗോപാലന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി എം. ബാബു പയന്തങ്ങാനം സ്വാഗതം പറഞ്ഞു. ഞെരുവില്‍ എ. ഗോപാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു. പുളൂഞ്ചിയില്‍ എം. മാധവന്‍ പയന്തങ്ങാനം പതാക ഉയര്‍ത്തി. അജി സ്വാഗതം പറഞ്ഞു. മാനടുക്കത്ത് കെ. ചന്തു പതാക ഉയര്‍ത്തി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കുറ്റിക്കോലില്‍ പി. ഗോപാലന്‍ പതാക ഉയര്‍ത്തി. എ. നാരായണന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.