ഉദുമ:[www.malabarflash.com] ഞായറാഴ്ച വൈകുന്നേരം തൃക്കണ്ണാട് കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രശാന്തി (16)ന്റെ മരണത്തോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ സ്വപ്നമാണ്.
മത്സ്യതൊഴിലാളിയായ ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രഭാകരന്‍- പ്രേമ ദമ്പതികളുടെ എളയ മകനാണ് മരിച്ച പ്രശാന്ത്. ഇടയ്ക്ക് കടലമ്മ കനിഞ്ഞാല്‍ പട്ടിണി മാറുന്ന പ്രഭാകരന്റെ വീട്ടില്‍ ഇതു വരെ വൈദ്യുതി പോലും എത്തിയിട്ടില്ല. ഇവരുടെ മൂത്ത മകന്‍ പുരുഷുവിന് ആറ് മാസം മുമ്പ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്.
പെണ്‍മക്കളായ പ്രശാന്തി, സിന്ധു, അമൃത, പ്രസീദ എന്നിവരുടെ വിവാഹം കഴിപ്പിച്ച ബാധ്യത ഇതുവരെ മാറിയിട്ടില്ല. ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളുമാണ് പ്രശാന്തിനെ മരണത്തോടെ അസ്തമിച്ചത്.
പഠനത്തില്‍ ഏറെ മിടുക്കനായ പ്രശാന്ത് എസ്.എസ്. എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയെങ്കിലും സാമ്പത്തിക പ്രശ്‌നം തുടര്‍ പഠനം പ്രതിസന്ധിയിലാക്കി. പഠനത്തോടൊപ്പം ഹോട്ടല്‍ ജോലിയും ചെയ്യാന്‍ തയ്യാറായതോടെയാണ് ബേക്കല്‍ ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടിയത്.
രാവിലെ 6 മണി മുതല്‍ 8 മണിവരെ ബേക്കലിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത ശേഷം സ്‌കൂളില്‍ പോകുന്ന പ്രശാന്ത് വൈകുന്നേരം സ്‌കൂള്‍ വിട്ടതിന് ശേഷവും ഹോട്ടല്‍ പണിക്ക് പോകുമായിരുന്നു. ഇതില്‍ നിന്നും കിട്ടുന്ന തുക കൊണ്ടാണ് പഠനത്തിനുളള ചിലവ് കണ്ടെത്തിയിരുന്നത്.
പഠനത്തോടൊപ്പം സ്‌പോര്‍ടിസും മികവ് പുലര്‍ത്തിയ പ്രശാന്ത് ജില്ലാതല ഖൊഖൊ മത്സരത്തില്‍ സ്‌കൂള്‍ ടീമിന് വേണ്ടി കുപ്പായമണിഞ്ഞിരുന്നു. ഫുട്‌ബോളിലും തന്റെ മികവ് തെളിയിച്ച പ്രശാന്ത് പ്രാദേശിക ഫുട്‌ബോള്‍ മൈതാനിയിലെ മിന്നും താരമാണ്.
ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട പ്രശാന്തിനെ മരണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബേക്കലിന്റെ തീരദേശം.
അതേ സമയം പ്രശാന്തിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് പ്രശാന്തിന്റെ വീട് സന്ദര്‍ശിച്ച ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment