Latest News

നീലേശ്വരം നഗരസഭക്കെതിരെ ആക്ഷേപ ഹാസ്യം ചൊരിഞ്ഞ് ബി ജെ പി യുടെ തെരുവ് നാടകം

നീലേശ്വരം:[www.malabarflash.com] നഗരസഭക്കെതിരെ ആക്ഷേപഹാസ്യം ചൊരിഞ്ഞ് ബി ജെ പി സംഘടിപ്പിച്ച തെരുവ് നാടകം ജനശ്രദ്ധയാകര്‍ഷിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച നഗരസഭാ ഓഫീസ് മാര്‍ച്ചിന്റെ ഭാഗമായാണ് വിഷയ സൂചിക നാടകം അരങ്ങേറിയത്.

ഗര്‍ഭസ്ഥ ശിശു, നട്ടെല്ല്, മഹാമാരി, അമൃതം ജലം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ലഘു നാടകങ്ങള്‍ അരങ്ങേറിയത്. ഡങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവാവിന്റെ രോഗ നിര്‍ണ്ണയം നടത്താന്‍ ആശുപത്രിയില്‍ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ രോഗം ഭേദമാകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പറയുന്ന രംഗം കാഴ്ചക്കാരില്‍ ചിരി പടര്‍ത്തി.

ആശുപത്രിയിലെത്തുന്ന രോഗികളെ സമീപത്ത് സഹകരണാശുപത്രിയിലേക്ക് പറഞ്ഞു വിടുന്നതും പ്രസവ ആവശ്യത്തിന് എത്തിയ സ്ത്രീയും, ആശുപത്രിയിലെ കുടിവെള്ള പ്രശ്‌നവും നാടകത്തില്‍ പരമാര്‍ശ വിഷയമായി. ആശുപത്രി വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരകോടി രൂപ ചിലവഴിക്കാത്തതും ചൂണ്ടിക്കാണിക്കപ്പെട്ടു.

അഡ്വ. ഉണ്ണികൃഷ്ണന്‍ ചെറുവത്തൂരാണ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഒഴിഞ്ഞ വാട്ടര്‍ ടാങ്കും, സിറിഞ്ചും, സ്‌ട്രെക്ചറും, ആംബുലന്‍സിന്റെ പ്രതിരൂപവുമെല്ലാം നാടക പരിസരത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.

നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. ആശുപത്രി പരിസരത്തു നിന്നും പ്രകടനമായാണ് പ്രവര്‍ത്തരെത്തിയത്. ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പി വി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് എം ഭാസ്‌കരന്‍, പി യു വിജയകുമാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പി മോഹനന്‍ സ്വാഗതവും വി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.