[www.malabarflash.com] നോക്കിയ ഫോണിന്റെ പ്രതാപകാലത്ത് തമാശയ്ക്കു പലരും പറയുമായിരുന്നു 3310 ഉണ്ടെങ്കില്‍ ധൈര്യമാണ്, പട്ടിയെപ്പോലും പേടിക്കേണ്ട. അത്യാവശ്യത്തിന് പട്ടിക്കൊരേറ് കൊടുക്കാം. അതുകഴിഞ്ഞ് പൊടിയും തട്ടി ഫോണെടുത്ത് അടുത്ത കോള്‍ ചെയ്യുകയുമാകാം. അതിശയോക്തിയെന്നു തോന്നാമെങ്കിലും നോക്കിയ ഫോണുകളുടെ ഉറപ്പിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല മതിപ്പായിരുന്നു. എത്ര തവണയാണു നമ്മളൊക്കെ തറയില്‍ ഫോണിന്റെ ബലം പരീക്ഷിച്ചത്. ബാറ്ററി പെറുക്കി വീണ്ടും കെയ്‌സ് അടച്ചാല്‍ നോക്കിയ പഴയപോലെ റെഡി.
കാലം മാറിയപ്പോള്‍ നമുക്ക് നോക്കിയ പിടിക്കാതെയായി, ഒരു പക്ഷേ തെരുവുനായ്ക്കളും ഇതറിഞ്ഞു കാണണം ഇപ്പോള്‍ അവറ്റകള്‍ക്കെന്താണൊരു ധൈര്യം..! പറഞ്ഞു വരുന്നത് ഇപ്പോഴും നോക്കിയയുടെ ഉറപ്പിന് കിട്ടിയ പുതിയ സാക്ഷ്യപത്രത്തെക്കുറിച്ചാണ്. നോക്കിയ ഫോണ്‍ ഉപയോഗിക്കുന്ന ഒരാളിന്റെ ജീവന്‍ ഫോണ്‍ കാരണം രക്ഷപെട്ടത്രേ. ഇയാള്‍ക്കുനേരെ വന്ന വെടിയുണ്ട മൊബൈലില്‍ തറച്ചു നില്‍ക്കുകയായിരുന്നു. ചുമ്മാ ബഡായി പറയുകയാണെന്നു കരുതി തള്ളാന്‍ പറ്റില്ല, പറയുന്നത് നോക്കിയയുടെ കാര്യക്കാരിലൊരാളാണ്. മൈക്രോസോഫ്റ്റ് ജനറല്‍ മാനേജര്‍ പീറ്റര്‍ സ്‌കില്‍മാനാണ് നോക്കിയ ഫോണിന്റെ വീരചരിതം വിളമ്പുന്നത്.
ട്വിറ്ററില്‍ വെടിയേറ്റ ഫോണിന്റെയും ഫോണില്‍ കുടുങ്ങി നിരാശനായ വെടിയുണ്ടയുടെയും ചിത്രം ഇദ്ദേഹം പുറത്തുവിടുന്നുണ്ട്. സംഭവം അഫ്ഗാനിസ്ഥാനിലാണ് നടന്നതെന്ന ക്ലൂ കൂടി സ്‌കില്‍മാന്റെ ട്വീറ്റിലുണ്ട്. 'ഞാന്‍ മുന്‍പ് ഉണ്ടാക്കിയ ഫോണ്‍ അഫ്ഗാനിസ്ഥാനില്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചു' അതായിരുന്നു ട്വീറ്റ്. ആരാണ് അഫ്ഗാനിസ്ഥാന്‍കാരന്‍ തുടങ്ങി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ലെങ്കിലും സ്‌കില്‍മാന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായി. ഇങ്ങേരു പറയുന്നത് ഉള്ളതാണോ അല്ലെയോ എന്നൊന്നും വിഷയമാക്കാതെ നല്ല 'അലക്കു' തുടങ്ങി.
നോക്കിയ ഫോണിന്റെ ദൃഡത കാണിക്കുന്ന ഫോട്ടോകള്‍ അടങ്ങിയ പോസ്റ്റുകളായിരുന്നു അധികവും. സൈനികന്‍ സുരക്ഷാ കവചത്തിനു പകരം നെഞ്ചില്‍ നോക്കിയ ഫോണുകള്‍ കെട്ടിവയ്ക്കുന്നതും നോക്കിയ ഫോണ്‍ വീണു ഭൂമി കുഴിഞ്ഞുപോയതുമെല്ലാം അവയില്‍ ചിലതുമാത്രം. എന്തായാലും പൊട്ടിത്തെറിക്കുന്ന പരിഷ്‌കാരി ഫോണുകളുടെ കാലത്ത് ഇപ്പോഴും നോക്കിയയെ ആളുകള്‍ ഓര്‍ക്കുന്നുണ്ടെന്നു മനസ്സിലായി.
Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment