Latest News

സംഘര്‍ഷം: രാജപുരം കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു


കാഞ്ഞങ്ങാട്: [www.malabarflash.com] വ്യാഴാഴ്ച സന്ധ്യയ്ക്ക് സംഘര്‍ഷവും ലാത്തിചാര്‍ജ്ജും നടന്ന രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. വീണ്ടും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കോളേജിന് മുന്നില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന കോളേജ് വ്യാഴാഴ്ചയാണ് വീണ്ടും തുറന്നത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് എഫ് ഐകെ.എസ്.യുഎ.ബി.വി.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതി വീണ്ടും സമരത്തിന് നോട്ടീസ് നല്‍കി. സംഘടനാ പ്രവര്‍ത്തനം കാമ്പസിനകത്ത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് പ്രിന്‍സിപ്പാള്‍ കൈക്കൊള്ളുകയായിരുന്നു.

ഇതോടെ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് കെ മഹേഷ്, ജില്ലാ സെക്രട്ടറി പി വൈശാഖ്, സി പി എം ഏരിയാ കമ്മിറ്റി അംഗം ഷാലുമാത്യു, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, ബി ജെ പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈ. പ്രസിഡന്റ് സി ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രിന്‍സിപ്പാളുമായി ചര്‍ച്ച നടത്തി. എന്നാല്‍ കോളേജിനകത്ത് രാഷ്ട്രീയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ പ്രിന്‍സിപ്പാള്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു.

ഇതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. ഏഴുമണിയോടെ കോളേജ് നോട്ടീസ് ബോര്‍ഡിലേക്ക് ആരോ തേങ്ങയെറിഞ്ഞു. ബോര്‍ഡിന്റെ ഗ്ലാസ് തകര്‍ന്നുവീണു. ഇതോടെ സംഘര്‍ഷം ആരംഭിക്കുകയും ആള്‍ക്കാര്‍ ചിതറി ഓടുകയും പോലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയുമായിരുന്നു. പരിക്കേറ്റ എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈശാഖിനെ മംഗഌരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി പി എം പനത്തടി ഏരിയാ കമ്മിറ്റി അംഗം ഷാലുമാത്യു, ഡി വൈ എഫ് ഐ ബേഡകം ബ്ലോക്ക് സെക്രട്ടറി അപ്പൂസ്, എസ് എഫ് ഐ കാറഡുക്ക ഏരിയാ സെക്രട്ടറി മനോജ്, ജില്ലാ സെക്രട്ടറിയേറ്റംഗം സനല്‍ എന്നിവര്‍ക്കും വെള്ളരിക്കുണ്ട് സി ഐ കെ സുനില്‍കുമാര്‍, രാജപുരം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജന്‍ തുടങ്ങി മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു.സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 50 പേര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.