Latest News

ഡോ.എം.ബാലമുരളീകൃഷ്ണ അന്തരിച്ചു

ചെന്നൈ:[www.malabarflash.com] പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ.എം ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയിലായിരുന്നു അന്ത്യം.
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

1930 ജൂലായ് അറിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണ ജനിച്ചത്.

ബാലമുരളീകൃഷ്ണ ജനിച്ചതിന്റെ പതിനഞ്ചാം ദിവസം അമ്മ മരിച്ചു. ചെറിയ പ്രായത്തില്‍ തന്നെ അച്ഛനില്‍ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച ശേഷം പാരുപ്പള്ളി രാമകൃഷ്ണയ്യ രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനായി സംഗീതം പഠിച്ചു തുടങ്ങി. ഒമ്പതാം വയസില്‍ അരങ്ങേറ്റം നടത്തി.

സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കാത്ത ബാലമുരളീകൃഷ്ണ സംഗീതം മാത്രമാണ് ബാല്യത്തില്‍ പഠിച്ചത്. പിന്നീട് ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 11 ാം വയസില്‍ വിജയവാഡ സ്‌കൂളില്‍ ചേര്‍ത്തു. നേരിട്ട് ആറാം ക്ലാസിലായിരുന്നു പ്രവേശനം. എന്നാല്‍ പഠനത്തില്‍ ശ്രദ്ധയില്ലാത്തതിനാല്‍ മൂന്നു മാസം കൊണ്ട് തന്നെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

സ്‌കൂളില്‍ പോകാത്ത ബാലമുരളീകൃഷ്ണ പിന്നീട് ഒരു യൂണിവേഴ്സിറ്റിയുടെ പ്രോ ചാന്‍സലറാകുകയും വിവിധ സര്‍വകലാശാലകളില്‍ നിന്ന് ഒമ്പത് ഡോക്ടറേറ്റ് നേടുകയും ചെയ്തുവെന്നത് ചരിത്രം.

പതിനാലാംവയസ്സില്‍ 72 മേളകര്‍ത്താ രാഗങ്ങളില്‍ അദ്ദേഹം പ്രാവീണ്യം നേടി. പതിനഞ്ചാം വയസ്സില്‍ സ്വതന്ത്രമായി കൃതികള്‍ രചിക്കാന്‍ ആരംഭിച്ചു.ഏതാണ്ട് 400-ഓളം കീര്‍ത്തനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

സംഗീതജ്ഞന്‍ എന്നതിന് പുറമെ സംഗീത സംവിധായകന്‍, നടന്‍ എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. വിവിധ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും ബാലമുരളീകൃഷ്ണ വിദഗ്ധനായിരുന്നു. ലോകമെമ്പാടുമായി 25,000 ത്തോളം കച്ചേരികളാണ് അദ്ദേഹം നടത്തിയത്.

കച്ചേരികള്‍ക്ക് പുറമെ വിവിധ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങള്‍ക്കും സംഗീതം നല്‍കി. 1967 ല്‍ ഭക്തപ്രഹ്ലാദ എന്ന സിനിമയിലൂടെ അഭിനയ രംഗത്തും തുടക്കം കുറിച്ചു.

72 മേളകര്‍ത്താ രാഗങ്ങളിലും അദ്ദേഹം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ ലവംഗി, മഹതി, മനോരമ, മുരളി,ഓംകാരി, പ്രതിമധ്യമാവതി, രോഹിണി,സര്‍വശ്രീ, സുമുഖം,സുഷമ, ഗണപതി,സിദ്ധി, പുഷ്‌കര ഗോദാവരി, മോഹനഗന്ധി, കാളിദാസ, ചന്ദ്രിക, കൃഷ്ണവേണി, അശ്വിനി തുടങ്ങി അദ്ദേഹം രൂപം കൊടുത്ത് പാടി ജീവന്‍ വരുത്തിയ രാഗങ്ങള്‍ ഏതാണ്ട് 25-ഓളം വരും. സംഗീതത്തിലൂടെ രോഗ ചികിത്സ സമ്പ്രദായത്തിനും അദ്ദേഹം തുടക്കമിട്ടു.

ബാലമുരളികൃഷ്ണ ത്യാഗരാജസ്വാമികളുടെ ശിഷ്യപരമ്പരയിലെ അഞ്ചാംതലമുറയിലെ കണ്ണിയാണ്. ത്യാഗരാജസ്വാമികള്‍, വെങ്കിടസുബ്ബയ്യ,ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, പാരപ്പുള്ളിരാമകൃഷ്ണപന്തലു പിന്നെ ബാലമുരളീകൃഷ്ണ.. എന്നിങ്ങനെയാണ് ശിഷ്യപരമ്പര.

1976 ല്‍ മികച്ച സംഗീത ഗായകനുള്ള ദേശീയ പുരസ്‌ക്കാരവും 1987 ല്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു.

1987 ല്‍ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും 2010 ല്‍ മികച്ച ശാസ്ത്രീയ സംഗീതജ്ഞനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും നേടി. 2012 ല്‍ സ്വാതി സംഗീത പുരസ്‌ക്കാരം നല്‍കി കേരളം അദ്ദേഹത്തെ ആദരിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.