Latest News

കുനിയില്‍ കൊലക്കേസ്: ഒളിവിലായിരുന്ന പ്രതിയെ വിദേശത്തുനിന്നു നാട്ടിലെത്തിച്ചു

മലപ്പുറം:[www.malabarflash.com] കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തുനിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു കൊച്ചിയിലെത്തിച്ചു. 
മലപ്പുറം അരീക്കോട് സ്വദേശി അബ്ദുള്‍ സഫൂറിനെയാണ് ചൊവ്വാഴ്ച പ്രത്യേക അന്വേഷണസംഘം സൗദി അറേബ്യയില്‍നിന്നു കൊച്ചിയിലെത്തിച്ചത്. കേസിലെ 17ാം പ്രതിയാണിയാള്‍.

2012 ജൂണ്‍ പത്തിനാണ് കുനിയില്‍ കൊളക്കാടന്‍ ആസാദ്, അബൂബക്കര്‍ എന്നീ ഇരട്ട സഹോദരന്മാര്‍ കൊല്ലപ്പെട്ടത്. കേസിലെ 16ാം പ്രതിയായ മുജീബ് റഹ്മാനോടൊപ്പമാണ് ഇയാളും ദോഹയിലേക്ക് ഒളിച്ചുകടന്നത്. മുജീബിനെ 2013ല്‍ ദോഹയില്‍നിന്നു പിടികൂടിയിരുന്നു. സഫൂര്‍ അവിടെനിന്നു സൗദിയിലേക്ക് കടന്നതിനാല്‍ പിടികൂടാനായില്ല. തുടര്‍ന്നു കേരള പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇയാളെ സൗദിയില്‍നിന്നു പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയുമായിരുന്നു.

സൗദി പോലീസ് മാസങ്ങള്‍ക്കു മുന്‍പ് ഇയാളെ പിടികൂടിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രിയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആകെ 22 പ്രതികളാണ് കേസിലുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.