Latest News

മക്കയിലെ ക്രെയിന്‍ ദുരന്തം നഷ്ടപരിഹാരം തേടി 5 കേസുകള്‍

ജിദ്ദ:[www.malabarflash.com] മക്കയിലെ ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം തേടി അഞ്ചു കേസുകള്‍ കോടതിയില്‍. ദിയാധനത്തിനു അര്‍ഹതയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലുണ്ടായ ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം തേടി അഞ്ചു കേസുകള്‍ ആണ് ഇതുവരെ കോടതിയില്‍ എത്തിയിട്ടുള്ളത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരുമാണ് ദിയാധനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

പൊതുഅവകാശ കേസില്‍ വിചാരണ പൂര്‍ത്തിയായ ശേഷം ഇത് സംബന്ധമായ സ്വകാര്യ കേസുകളും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ദുരന്തത്തിന് ഇരയായവരുടെ പട്ടിക അഞ്ചംഗ സമിതി തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയവും സിവില്‍ ഡിഫന്‍സും നേരത്തെ തയ്യാറാക്കിയ ലിസ്റ്റുകള്‍ പഠിച്ചതിനു ശേഷമാണ് സമിതി പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ദിയാധനത്തിനായി കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്‌.

ദിയാധനം അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ സമയമെടുത്ത്‌ വിശദമായ അന്വേഷണം നടത്തിയിരുന്നു. ദിയാധനത്തിന് പുറമേ മരിച്ചവര്‍ക്ക് പത്ത് ലക്ഷം റിയാലും പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം റിയാലും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ വകയും നഷ്ടപരിഹാരമായി ലഭിക്കും. അര്‍ഹാരായവരുടെ അന്തിമ പട്ടിക തയ്യാറാകുന്ന മുറയ്ക്ക് രാജാവിന്‍റെ സഹായവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

2015സെപ്റ്റംബര്‍ പതിനൊന്നിന് ക്രെയിന് പൊട്ടി വീണുണ്ടായ അപകടത്തില്‍ 110 പേര്‍ മരിക്കുകയും 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാലക്കാട് സ്വദേശി മുഅമിന ഉള്‍പ്പെടെ പതിനൊന്ന് ഇന്ത്യക്കാരും മരിച്ചവരില്‍ പെടും. അതേസമയം അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ വിചാരണ അടുത്തയാഴ്ച വീണ്ടും ഉണ്ടാകും. പതിനാല് സൗദി പൌരന്മാര്‍ ഉള്‍പ്പെടെ സൗദി ബിന്‍ലാദിന്‍ കമ്പനി ജീവനക്കാരാണ് പ്രതികളില്‍ കൂടുതലും. ഓരോ പ്രതിക്കും വെവ്വേറെ കുറ്റപത്രം തയ്യാറാക്കാനാണ് കോടതിയുടെ നിര്‍ദേശം.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.