Latest News

പ്രവാചക ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കാന്തപുരം

കോഴിക്കോട്: പ്രവാചക ദര്‍ശനങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിക്കോട് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മീലാദ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. [www.malabarflash.com]

ഇസ്ലാമിന്റെ ആരംഭകാലം മുതല്‍ ഉന്നയിച്ച ആരോപണങ്ങളാണ് ഇന്ന് വീണ്ടും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രവാചകന്റെ അധ്യാപനങ്ങള്‍ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ്.

എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും മാതൃകയാക്കാവുന്ന കാര്യങ്ങളാണ് പ്രവാചകന്‍ പഠിപ്പിച്ചത്. മുസ്ലിംകളെ മാത്രം വെച്ചുള്ള ആക്രമണങ്ങളാണ് ലോകത്താകമാനം നടക്കുന്നത്. മ്യാന്‍മറില്‍ ബുദ്ധതീവ്രവാദികള്‍ റോഹിങ്ക്യന്‍ മുസ്ലിംകളെ ക്രൂരമായി കൊലപ്പെടുത്തുകയും ആട്ടിയോടിക്കുകയും ചെയ്യുന്നു. ഇവര്‍ യഥാര്‍ഥത്തില്‍ മതവും മനുഷ്യത്വവും ഇല്ലാത്തവരാണ്.

മനുഷ്യന് നന്‍മ ചെയ്യലാണ് ഏറ്റവും മഹത്തായ കാര്യമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. മതവും വിശ്വാസവും ആരുടെ മേലിലും അടിച്ചേല്‍പ്പിക്കരുതെന്നാണ് ഇസ്ലാം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘തിരുനബിയുടെ സ്‌നേഹ ലോകം’ എന്ന പേരില്‍ സുന്നി സംഘടനകളുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഒരു മാസമായി നടത്തിവരുന്ന മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷ പരിപാടികളുടെ സമാപനമായാണ് മീലാദ് സമ്മേളനം സംഘടിപ്പിച്ചത്.

വിവിധ സംഘങ്ങളുടെ പ്രകീര്‍ത്തനാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സമ്മേളന മിഷന്‍ അവതരിപ്പിച്ചു.

സയ്യിദ് ഖലീലുല്‍ ബുഖാരി, മന്ത്രി കെടി ജലീല്‍, ലോക പ്രശസ്ത പണ്ഡിതര്‍, സയ്യിദന്‍മാര്‍, സമസ്ത മുശാവറ അംഗങ്ങള്‍, സുന്നി സംഘടനാ നേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.