Latest News

വെല്ലുവിളിയെ അതിജീവിച്ച് വയ്യാത്ത കാലുമായി സതീശന്‍ സ്‌കൂളിലേക്ക് നടക്കുന്നത് 16 കിലോമീറ്റര്‍

വെള്ളരിക്കുണ്ട്:[www.malabarflash.com] പഠിച്ച് ഒരു ജോലി നേടണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പ്രയത്‌നത്തിനിടയില്‍ വൈകല്യങ്ങളെ മറക്കുകയാണ് സതീശന്‍. ചലനശേഷി കുറഞ്ഞ വലതുകാലിന്റെ വെല്ലുവിളിയെ അതിജീവിച്ച് സ്‌കൂളിലേക്കും തിരിച്ചുമുള്ള 16 കിലോമീറ്റര്‍ നടക്കാന്‍ ഈ സ്വപ്നമാണ് ഊര്‍ജമേകുന്നത്. 

നമ്പ്യാര്‍മല കോളനിയിലെ ശാന്തയുടെ മകനാണ് മാലോത്ത് കസബ സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിയായ സതീശന്‍. പിതാവ് ദാമോദരന്‍ മൂന്നുവര്‍ഷം മുമ്പ് മരിച്ചു.
കോളനിയില്‍നിന്ന് സഹോദരങ്ങളായ സജിതക്കും സന്ദീപിനുമൊപ്പമാണ് സതീശന്‍ സ്‌കൂളിലേക്ക് നടക്കുന്നത്. സഹോദരങ്ങളും കൂട്ടുകാരും വേഗത്തില്‍ നടക്കുമ്പോള്‍ പതിയെ നടന്ന് എത്തുന്ന സതീശനെയും കാത്ത് അവര്‍ മരത്തണലില്‍ നില്‍ക്കും. 

അമ്മ കൂലിപ്പണിയെടുത്താണ് മൂന്നു കുട്ടികളെയും പോറ്റുന്നത്. മറ്റു വിദ്യാര്‍ഥികള്‍ ജീപ്പില്‍ സ്‌കൂളില്‍ പോകുമ്പോള്‍ വാടക നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്രയും കിലോമീറ്റര്‍ ഇവര്‍ നടന്നുപോകുന്നത്. രാവിലെ ഏഴരക്ക് വീട്ടില്‍നിന്ന് ഇറങ്ങി വൈകീട്ട് ആറിന് തിരിച്ചത്തെുന്നതുവരെ വീട്ടുകാര്‍ക്കും ആധിയാണ്. സ്വന്തമായി റേഷന്‍ കാര്‍ഡ് പോലുമില്ലാത്ത ഈ കുടുംബം ഓലമേഞ്ഞ കൊച്ചുവീട്ടിലാണ് താമസിക്കുന്നത്. മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് രാത്രി പഠിക്കാന്‍പോലും കഴിയുന്നില്ല.
മാലോത്ത് കസബ സ്‌കൂളില്‍ നിരവധി ആദിവാസി കുട്ടികള്‍ പഠിക്കുന്നുണ്ട്. മാവിലന്‍ വിഭാഗത്തില്‍പെടുന്ന കുട്ടികളുടെ ജീവിതസാഹചര്യങ്ങള്‍ ഏറെ ദുരിതപൂര്‍ണമാണ്. നേരത്തെ ആദിവാസി കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ സര്‍ക്കാറിന്റെ ഗോത്രസാരഥി പദ്ധതിയുണ്ടായിരുന്നു. ഇപ്പോള്‍ അതും നിലച്ചും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ മണ്ഡലത്തിലാണ് ഈ കോളനി.
(കടപ്പാട്: മാധ്യമം)


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.