Latest News

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (65) അന്തരിച്ചു. കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.[www.malabarflash.com]

ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ബാപ്പു മുസ്‌ലിയാര്‍ ചൊവ്വാഴ്ച രണ്ടരയോടെയാണ് അന്തരിച്ചത്. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് കാളമ്പാടി ജുമാമസ്ജിദില്‍ വച്ച്.

കടമേരി റഹ്മാനിയ അറബിക് കോളജിന്റെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ റഹ്മാനീസ് അസോസിയേഷന്‍ യു.എ.ഇ ചാപ്റ്റര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കൂടിയായ കോട്ടുമല ദുബൈ സന്ദര്‍ശനം നടത്തി തിരിച്ചുവന്നപ്പോള്‍ പനി ബാധിച്ചതിനെ തുടര്‍ന്നാണ് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രമുഖ മതപണ്ഡിതനും സമസ്തയുടെ സമുന്നത നേതാവുമായിരുന്ന മര്‍ഹും കോട്ടുമല ടി.അബൂബക്കര്‍ മുസ്‌ലിയാരുടെയും പ്രമുഖ സൂഫിവര്യനും സമസ്ത സ്ഥാപക നേതാവുമായ മര്‍ഹൂം മൗലാനാ അബ്ദുല്‍ അലികോമു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമ ഹജ്ജുമ്മയുടെയും പുത്രനായാണ് ജനനം. ബാപ്പു മുസ്‌ലിയാര്‍ സമസ്തയുടെ നേതൃസ്ഥാനത്തെ നിറസാന്നിധ്യമായിരുന്നു. കടമേരി റഹ്മാനിയയില്‍ പ്രിന്‍സിപ്പലായി സേവനമഷ്ഠിച്ചു വരികയായിരുന്നു.

മലപ്പുറം കാളമ്പാടി സ്വദേശിയായ ബാപ്പു മുസ്‌ലിയാര്‍ 2004 സെപ്തംബര്‍ എട്ടിന് മുശാവറ അംഗമായി. 2010ല്‍ ഒക്‌ടോബര്‍ രണ്ടിന് ചേര്‍ന്ന മുശാവറ യോഗം സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, ഏറനാട് താലൂക്ക് പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം ചെയര്‍മാന്‍, ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍, എം.ഇ.എ എന്‍ജിനിയറിങ് കോളജ് കമ്മിറ്റി കണ്‍വീനര്‍, കാളമ്പാടി മഹല്ല് കമ്മിറ്റി, മദ്‌റസ പ്രസിഡന്റ്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക കോംപ്ലക്‌സ് ജന.സെക്രട്ടറി, മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാസി എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

പ്രാഥമിക പഠനത്തിനു ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ പിതാവിന്റെ ദര്‍സില്‍ ചേര്‍ന്ന ബാപ്പു മുസ്‌ലിയാര്‍ പന്ത്രണ്ടാമത്തെ വയസില്‍ പിതാവ് പട്ടിക്കാട് ജാമിഅയില്‍ എത്തിയപ്പോള്‍ കൂടെ കോളജിലെത്തി. ജാമിഅ കേന്ദ്രീകരിച്ച് മതപഠനവും പട്ടിക്കാട് ഹൈസ്‌കൂളില്‍ പഠനവും തുടര്‍ന്നു. പിന്നീട് ദര്‍സ് പഠനത്തിനായി മേല്‍മുറി ആലത്തൂര്‍പടിയില്‍ കെ.കെ അബൂബക്കര്‍ ഹസ്രത്തിന്റെ ദര്‍സില്‍ ചേര്‍ന്നു. ഒരു വര്‍ഷം അവിടെ പഠിച്ചു. കെ.കെ ഹസ്രത്ത് പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജിലേക്ക് മാറിയപ്പോള്‍ ഉസ്താദിനോടൊപ്പം അന്‍വരിയ്യയിലെത്തി. രണ്ടു വര്‍ഷം അവിടെ പഠിച്ചു. 1971ല്‍ അന്‍വരിയ്യയില്‍ നിന്നും ജാമിഅ നൂരിയ്യയിലെ ആറാംക്ലാസില്‍ ചേര്‍ന്നു. 1975ല്‍ ഫൈസി ബിരുദം നേടി.
അരിപ്ര വേളൂര്‍ മസ്ജിദില്‍ ഖാസിയും മുദരിസുമായി. തുടര്‍ന്ന് പിതാവിന്റെ നിര്‍ദേശപ്രകാരം നന്തി ദാറുസ്സലാമില്‍ എത്തി.

പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ.അബൂബക്ര്‍ മുസ്‌ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, കുമരംപുത്തുര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, വല്ലപ്പുഴ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, കോക്കൂര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്‍മാരാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅയിലെ സഹപാഠിയാണ്.

പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ മര്‍ഹും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്‍ പരേതയായ സ്വഫിയ്യ ഹജ്ജുമ്മ, ആയിശാബി എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍:അബൂബക്കര്‍, ഫൈസല്‍, അബ്ദുറഹ്മാന്‍, ഫാത്തിമസുഹ്‌റ, സൗദ, ഫൗസിയ.
മരുമക്കള്‍:എന്‍.വി. മുഹമ്മദ് ഫൈസി കടുങ്ങല്ലൂര്‍, മുഹമ്മദ് ഷാഫി താമരശ്ശേരി, അബ്ദുല്‍സലാം കാളമ്പാടി,നൂര്‍ജഹാന്‍, മാജിദ, റുബീന.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.