Latest News

കാണാതായ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചു

കാഞ്ഞങ്ങാട് : കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവില്‍നിന്നും പതിനായിരം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി.[www.malabarflash.com]

മാണിക്കോത്ത് നിന്നും ഒരുമാസം മുമ്പ് കാണാതായ ഫാത്തിമത്ത് മുബഷീറയെ കണ്ടെത്തി വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പാണത്തൂര്‍ സ്വദേശികളായ നാല് യുവാക്കളാണ് പെണ്‍കുട്ടിയുടെ ബന്ധു മാണിക്കോത്ത് പാലക്കിയിലെ മുഹമ്മദിന്റെ മകന്‍ നജീബിനെ കബളിപ്പിച്ച് പണം തട്ടിയത്.
ഡിസംബര്‍ 9 നാണ് മുബഷീറയെ കാണാതാവുന്നത്. 10 ന് നജീബിനെ ഫോണില്‍ വിളിച്ച സംഘം പെണ്‍കുട്ടി കര്‍ണ്ണാടകയില്‍ ഉണ്ടെന്നും തങ്ങള്‍ പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് നജീബിനെ തട്ടിപ്പ് സംഘം പാണത്തൂരിലേക്ക് വിളിപ്പിച്ചു. അവിടെ വെച്ച് നടന്ന ചര്‍ച്ചയില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കുന്നതിന് ഒരുലക്ഷംരൂപ പ്രതിഫലം ആവശ്യപ്പെട്ടു.എന്നാല്‍ ഇത്രയും വലിയ തുക നജീബ് കയ്യില്‍ കരുതിയിരുന്നില്ല. കയ്യിലുണ്ടായിരുന്ന പതിനായിരം രൂപ അപ്പോള്‍ത്തന്നെ നജീബ് സംഘത്തിന് കൈമാറി.
കര്‍ണ്ണാടകയില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ വൈകിട്ട് തന്നെ നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കി മുങ്ങിയ സംഘത്തെ പിന്നീട് കണ്ടിട്ടില്ല. മുബഷീറയുടെ തിരോധാനത്തിന് പിന്നില്‍ കര്‍ണ്ണാടക മടിക്കേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.ഇവര്‍ തന്നെയാണോ തട്ടിപ്പിന് പിന്നിലെന്നും സംശയമുണ്ട്.

നജീബിന്റെ പരാതിയില്‍ ഫാറൂഖ്, സലാം, അസു, നിയാസ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മുബഷീറയേയും പുല്ലൂര്‍ സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയേയും കാണാതായത് സംബന്ധിച്ച് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.