Latest News

ബഹ്‌റൈനില്‍ പോലീസുകാരന്‍ വെടിയേറ്റ് മരിച്ചു

മനാമ: ബിലാദല്‍ ഖദീമില്‍ പോലീസുകാരന്‍ വെടിയേറ്റ് മരിച്ചു. ഹിഷാം അല്‍ ഹമ്മാദി എന്നയാളാണ് ബിലാദല്‍ ഖദീമിലെ ഫാമില്‍ വെടിയേറ്റ് മരിച്ചത്.[www.malabarflash.com]

ഇയാള്‍ക്കെതിരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് തീവ്രവാദി ആക്രമണമാണെന്നാണ് സൂചനയെന്ന് ആഭ്യന്തര മന്ത്രാലയവും പ്രസ്താവനയില്‍ പറഞ്ഞു. 

വെടിയേല്‍ക്കുന്ന സമയത്ത് ഇയാള്‍ ഡ്യൂട്ടിയില്‍ അല്ലായിരുന്നു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
മനാമക്ക് തെക്കുഭാഗത്തുള്ള ബിലാദല്‍ ഖദീമിലേക്കുള്ള വാഹന ഗതാഗതവും ഞായറാഴ്ച തടസപ്പെട്ടു. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം സരായ ഗ്രൂപ്പ് ഏറ്റെടുത്തതായി പ്രാദേശിക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനില്‍ മുമ്പ് നടന്ന ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ഈ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പോലീസുകാരന്‍ ബഹ്‌റൈനില്‍ കൊല്ലപ്പെടുന്നത്. പുതുവര്‍ഷപ്പുലരിയില്‍ ജൗ ജയിലില്‍ ആക്രമണം നടത്തി പത്തു തടവുകാര്‍ രക്ഷപ്പെട്ട സംഭവം നാടിനെ നടുക്കിയിരുന്നു. ഇതിലും ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

ബിലാദല്‍ ഖദീമില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം നടുക്കവും ദു:ഖവും പ്രകടിപ്പിച്ചു. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തെയും ബഹ്‌റൈന്‍ സമൂഹത്തെയും അനുശോചനം അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.