Latest News

പാക് വംശജ മറിയം ഖാലിഖ് വീണ്ടും കേരളത്തിലെത്തി; വിജയസ്മിതത്തോടെ മടക്കം


ചാവക്കാട്: ലണ്ടനില്‍ താമസിക്കുന്ന സ്‌കോട്ട്‌ലാന്‍ഡ് സ്വദേശി മറിയം ഖാലിഖിന്റെ മൂന്നാംവരവ് വെറുതെയായില്ല. ഭര്‍ത്താവിനെ തേടിയായിരുന്നു ചാവക്കാട്ടേക്കുള്ള ആദ്യവരവെങ്കില്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെയുള്ള ജീവനാംശം സ്വീകരിച്ച് കോടതിയോട് നന്ദി പറഞ്ഞാണ് മറിയം മടങ്ങിയത്. സ്‌കോട്ട്‌ലാന്‍ഡില്‍ പഠിക്കാനത്തെിയ ചാവക്കാട് അകലാട് ബദര്‍പള്ളി ബീച്ചില്‍ കുമ്പത്ത് നൗഷാദ് ഹുസൈനുമായുള്ള ഫേസ്ബുക് പ്രണയം രജിസ്റ്റര്‍ വിവാഹത്തിലത്തെുകയായിരുന്നു. [www.malabarflash.com]

നൗഷാദ് പിന്നീട് ബ്രിട്ടന്‍ വിട്ടതോടെയാണ് ഭര്‍ത്താവിനെതേടി 35 കാരിയായ മറിയം 2015 ഫെബ്രുവരിയില്‍ ആദ്യമായി കേരളത്തിലത്തെിയത്. ജില്ല പോലീസ് സൂപ്രണ്ട് മുതല്‍ കുന്നംകുളം ഡി.വൈ.എസ്.പിയും ചാവക്കാട് സി.ഐയും വടക്കേക്കാട് എസ്.ഐയും മറിയത്തിനോട് മോശമായി പെരുമാറിയെന്ന ആരോപണം അന്ന് വാര്‍ത്തയായി. നൗഷാദിന്റെ അകലാട്ടുള്ള വീട്ടിലത്തെിയ മറിയത്തെ ഭര്‍തൃബന്ധുക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തു. തുടര്‍ന്ന് മഞ്ചേരി കോടതിയിലെ അഭിഭാഷകരും പൊതുപ്രവര്‍ത്തകരുമായ എ.പി. ഇസ്മായില്‍, സുധ ഹരിദാസ് എന്നിവരുടെ സഹായത്തോടെ കുന്നംകുളം ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. പോലീസില്‍ നിന്ന് സഹകരണം ലഭിക്കാതെ മടങ്ങിയ മറിയത്തിന് രണ്ടാം വരവോടെയാണ് മധ്യസ്ഥരുടെ ഇടപെടലുണ്ടായത്.

അതനുസരിച്ച് നൗഷാദുമായി ബന്ധം അവസാനിപ്പിച്ച് വിവാഹമോചനത്തിന് സമ്മതിച്ചു. നൗഷാദാണ് ബന്ധുക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് പറയുന്നു. വിവാഹം ലണ്ടനിലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായതിനാല്‍ അവിടംകൊണ്ടേ അവസാനിക്കുമായിരുന്നുള്ളൂ. നൗഷാദിന്റെ സമ്മതപത്രവും വേണം. സമ്മതപത്രവുമായി വിവാഹ മോചനത്തിനായി മറിയം ലണ്ടനിലേക്ക് പോയി. ജനുവരിയിലായിരുന്നു വിവാഹ മോചനം. അത് കഴിഞ്ഞാണ് കഴിഞ്ഞ 16ന് വീണ്ടും വന്നത്. കുന്നംകുളം കോടതി, ഹൈകോടതി എന്നിവിടങ്ങളില്‍ മുന്‍ഭര്‍ത്താവ് നാഷാദിനും ബന്ധുക്കള്‍ക്കുമെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിച്ചു. ജീവനാംശമായി മധ്യസ്ഥര്‍ തീരുമാനിച്ച തുക ചൊവ്വാഴ്ച ലഭിച്ചു. നൗഷാദിന്റെ ബന്ധുക്കളാണ് തുക കൈമാറിയത്.

ലണ്ടന്‍ നഗരത്തില്‍ ജീവിക്കുന്നൊരാള്‍ക്ക് അല്‍പം പോലും തികയുന്നതല്ല ജീവനാംശമെങ്കിലും പ്രശ്‌നങ്ങള്‍ക്കുള്ള അറുതിയായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്ന് മറിയം പറഞ്ഞു. ആദ്യം കേരള പോലീസ് മോശമായാണ് പെരുമാറിയതെങ്കിലും രണ്ടാം വട്ടം ചാവക്കാട് സി.ഐ ജോണ്‍സന്‍, വടക്കേക്കാട് എസ്.ഐ റനീഷ് എന്നിവര്‍ നല്ല രീതിയിലാണ് പെരുമാറിയത്. ഇന്ത്യയിലേക്ക് പുറപ്പെടുമ്പോള്‍ പിതാവും സഹോദരന്മാരും നിരുത്സാഹപ്പെടുത്തിയിരുന്നു. തനിച്ച് പോകുന്നത് സുരക്ഷിതമായിരിക്കില്ലെന്ന ആധിയായിരുന്നു. എന്നാല്‍ കേരളത്തെയും ജനങ്ങളെയും പറ്റി മലയാളി സുഹൃത്തുക്കളില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. അവര്‍ തന്ന ധൈര്യമാണ് പ്രേരണയായത്.

ആദ്യ വരവിലെ കയ്‌പ്പേറിയ അനുഭവം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അതേക്കുറിച്ച് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വാര്‍ത്തയാക്കിയതാണ് വീണ്ടും വരാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ ഒരു പെണ്‍കുട്ടിക്ക് ലഭിക്കേണ്ട നീതി തനിക്കും കോടതികള്‍ തന്നത് സന്തോഷകരമാണ്  മറിയം പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.