Latest News

പ്രണയ വിവാഹം ചെയ്ത മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്കു വധശിക്ഷ; കൂട്ടുനിന്ന സഹോദരനു ജീവപര്യന്തം

ഇസ്ലാമാബാദ്: പ്രണയ വിവാഹം ചെയ്തതിനു മകളെ കട്ടിലിൽ കെട്ടിയിട്ടു ജീവനോടെ കത്തിച്ച മാതാവിനു വധശിക്ഷ വിധിച്ചു. ലാഹോറിലെ ഭീകരവാദ വിരുദ്ധ കോടതിയുടേതാണ് വിധി.[www.malabarflash.com]

ഇസ്ലാമാബാദിലാണ് മനുഷ്യ മനസ്സാക്ഷിയെ നടക്കുന്ന കൊടും ക്രൂരകൃത്യം അരങ്ങേറിയത്. ഇസ്ലാമാബാദ് സ്വദേശിനി പർവീൺ ബിബിയെയാണ് കോടതി ശിക്ഷിച്ചത്. മകൾ കുടുംബത്തിനു നാണക്കേടുണ്ടാക്കിയതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്നു അമ്മ കോടതിയിൽ സമ്മതിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത സീനത്ത് റഫീഖ് എന്ന 18 കാരിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയിച്ച യുവാവിനെ തന്നെ വിവാഹം ചെയ്തതാണ് സീനത്തിനു ദുര്യോഗം വരുത്തിവച്ചത്. മേയ് 29 നാണ് വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് ഹസൻ ഖാനെന്ന യുവാവിനെ സീനത്ത് വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം സീനത്തിനെ ബന്ധുക്കൾ പറഞ്ഞു മയക്കി വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. ആഘോഷപൂർവം ഇഷ്ടപ്പെട്ട ആളോടൊപ്പമുള്ള വിവാഹം തന്നെ നടത്തിക്കൊടുക്കാം എന്നു പറഞ്ഞപ്പോൾ സീനത്തും അമ്മയെയും ബന്ധുക്കളെയും വിശ്വസിച്ചു. തുടർന്ന് വീട്ടിലെത്തിച്ച സീനത്തിനെ കെട്ടിയിട്ടു കത്തിക്കുകയായിരുന്നു.

സ്വപ്‌നം കണ്ടതൊന്നുമായിരുന്നില്ല വീട്ടിൽ സീനത്തിനെ കാത്തിരുന്നത്. വീട്ടിലെത്തിയ സീനത്തിനു ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. കുടുബത്തിന്റെ അഭിമാനം നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് സീനത്തിനെ അമ്മ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാനാണ് മകളെ ജീവനോടെ കത്തിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം.

കൊലയ്ക്കു സീനത്തിന്റെ സഹോദരൻ അനീസും മറ്റൊരു സഹോദരിയുടെ ഭർത്താവും പർവീനു സഹായം ചെയ്തു കൊടുത്തു. ഇതിൽ അനീസിനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. സഹോദരീ ഭർത്താവിനെ കോടതി വെറുതെവിട്ടു. സീനത്ത് സ്വന്തം വീട്ടിലേക്കു പോകാൻ കൂട്ടാക്കിയിരുന്നില്ലെന്നു ഭർത്താവ് ഹസൻ ഖാൻ പറയുന്നു. വീട്ടുകാർ തന്നെ കൊന്നു കളയുമെന്നു സീനത്തിനു ഭയമുണ്ടായിരുന്നു. ഒടുവിൽ ഉപദ്രവിക്കില്ലെന്നു ബന്ധുക്കൾ വാക്കു കൊടുത്ത ശേഷമാണ് വീട്ടിലേക്കു പോയതെന്നും ഹസൻ കൂട്ടിച്ചേർത്തു.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ സീനത്തിന്റെ ബന്ധുക്കൾ തയ്യാറായില്ല. ഹസൻ ഖാന്റെ ബന്ധുക്കളാണ് അവളുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിച്ചത്. പർവീന്റെ വീട്ടിൽ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെത്തിച്ചത്.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.