Latest News

ആരോഗ്യമേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടു വരും: മന്ത്രി കെ കെ ശൈലജ

കാസര്‍കോട്: ആരോഗ്യമേഖലയെ സമൂലമായി പരിഷ്‌കരിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ടചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയ്യാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.[www.malabarflash.com]

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഐപി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാര്‍ക്കിടയില്‍ ചികിത്സയ്ക്കായി വന്‍തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥ നിലവിലുണ്ട്. മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ ആരോഗ്യമേഖലയിലെ ആശാവര്‍ക്കര്‍മാര്‍ മുതല്‍ മുകളിലോട്ടുളള എല്ലാ മേഖലയിലും സമഗ്രമായ മാറ്റം കൊണ്ടു വരും. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സജീവമാക്കും. രണ്ട് ഡോക്ടര്‍മാരും ഒബ്‌സര്‍വ്വേഷന്‍ ഹോമും അടക്കമുളള എല്ലാവിധ സംവിധാനങ്ങളുമുളള ഫാമിലി ഹെല്‍ത്ത് സെന്ററായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാറ്റും.

170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇത് ആദ്യപടിയായി നടപ്പിലാക്കും. ഇവിടെ നിയമിക്കേണ്ട ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. എല്ലാ ജനറല്‍ ആശുപത്രികളും ജില്ലാ ആശുപത്രികളും ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. കൂടാതെ നാട്ടുകാരെ ഉള്‍പ്പെടുത്തി സുതാര്യമായ ഒരു സമിതി രൂപീകരിക്കണം. സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ആശുപത്രിയുടെ വികസനം നടപ്പാക്കാന്‍ കഴിയും. ചിട്ടയായ പ്രവര്‍ത്തനം ഇതിനാവശ്യമാണ്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെയും തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. തൃക്കരിപ്പൂരില്‍ ഒരു പാലിയേറ്റീവ് കെയര്‍ യൂണിറ്റും മാതൃ-ശിശു സമുച്ചയവും ആരംഭിക്കും. ജനറല്‍ ആശുപത്രിയില്‍ ഒരു ഡയാലിസിസ് യൂണിറ്റുകൂടി അനുവദിക്കും. കാഞ്ഞങ്ങാട് മാതൃ-ശിശു ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനുളള പരിശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.