Latest News

അസുഖമില്ലാത്ത 2,200 സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ നടത്തിയതായി ആരോപണം; കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെ നിയോഗിച്ചതായും റിപ്പോര്‍ട്ട്


ബെംഗളൂരു: അസുഖമില്ലാത്ത 2,200 സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലെ നാല് ആശുപത്രികള്‍ക്കെതിരെയാണ് അനാവശ്യമായി ശസ്ത്രക്രിയ നടത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. [www.malabarflash.com]

കര്‍ണാടക ആരോഗ്യ വകുപ്പിന്റെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ആരോഗ്യവകുപ്പ് ഈ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നെങ്കിലും ഇവ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കല്‍ബുര്‍ഗിയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം നടത്തി.

വയറുവേദനയോ നടുവേദനയോ മൂലം ആശുപത്രിയിലെത്തുന്ന സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ശസ്ത്രക്രിയ നടത്താന്‍ നിര്‍ബന്ധിക്കുകയാണ് ഈ അശുപത്രിയിലെ ഡോക്ടര്‍മാര്‍ ചെയ്തുവന്നത്. ആദ്യം ഏതാനും ദിവസത്തേയ്ക്ക് മരുന്ന് നല്‍കി വിടും. വേദന കുറവില്ലാതെ വീണ്ടും വരുമ്പോള്‍ സ്‌കാന്‍ ചെയ്ത് നോക്കിയ ശേഷം ഗര്‍ഭപാത്രത്തില്‍ കാന്‍സറുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തും.

ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ മാത്രമാണ് പ്രതിവിധി എന്ന് വിശ്വസിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഈ ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ 2,200 പേരില്‍ മിക്കവാറും എല്ലാ സ്ത്രീകളുടെയും കാര്യത്തില്‍ ഇതാണ് സംഭവിച്ചിട്ടുള്ളതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ചെറിയ അസുഖങ്ങളുമായി എത്തുന്നവരില്‍നിന്ന് പണം തട്ടുന്നതിനാണ് അനാവശ്യമായി ശസ്ത്രക്രയകള്‍ നടത്തിയത്. ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്കായി സ്ത്രീകളെ എത്തിക്കുന്നതിന് കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെ നിയോഗിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയരാക്കപ്പെട്ട സ്ത്രീകളില്‍ പകുതിയോളം പേരും നാല്‍പത് വയസിന് താഴെയുള്ളവരാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സ്ത്രീകളെ ഇത്തരമൊരു ക്രൂരതയ്ക്ക് ഇരയാക്കിയ ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രിക്കെതിരെയും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.




Keywords: nATIONAL News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.