Latest News

ദേവകി വധം:കൊലയാളിയെ കണ്ടെത്താന്‍ പോളിഗ്രാഫ് പരിശോധനക്കൊരുങ്ങുന്നു


ബേക്കല്‍: പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ കെ. ദേവകി(68)യെ ശ്വാസംമുട്ടിച്ച് കൊന്ന കേസിലെ പ്രതിയെ കണ്ടെത്താന്‍ പോലീസ് പോളിഗ്രാഫ് പരിശോധനക്കൊരുങ്ങുന്നു.

 ദേവകിയുടെ കൈവിരലിനിടയില്‍ നിന്നും നഖത്തിനിടയില്‍ നിന്നും പായയില്‍ നിന്നും കിട്ടിയ നാല് മുടിയിഴകളുടെ പരിശോധനാഫലം ചൊവ്വാഴ്ച വൈകിട്ട് പോലീസിന് ലഭിക്കും. ഇതിലൂടെയും കൊലയാളിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലാണ് പോളിഗ്രാഫ് പരിശോധനക്കൊരുങ്ങുന്നത്.

കൈവിരലുകള്‍ക്കിടയിലുള്ള മുടിയും പായയില്‍ നിന്നും കിട്ടിയ ഒരു മുടിയും ദേവകിയുടേതാണെന്ന് തിരുവനന്തപുരം എഫ്.എസ്.എല്ലില്‍ തിരിച്ചറിഞ്ഞു. നഖത്തിനിടയില്‍ നിന്നും പായയില്‍ നിന്നും കിട്ടിയ രണ്ട് മുടിയിഴകള്‍ ദേവകിയുടേതല്ല. ഇത് കൊലപാതകിയുടേതാകാന്‍ സാധ്യത കണക്കിലെടുത്ത് പരിശോധനകള്‍ തുടരുന്നു.

കേസില്‍ പോലീസ് സംശയിക്കുന്ന നാലുപേരുടെ മുടി പരിശോധനക്കായി ആദ്യം അയച്ചുകൊടുത്തിരുന്നു. ശനിയാഴ്ച ആറുപേരുടെ കൂടി മുടി അയച്ചിട്ടുണ്ട്. പോലീസ് നിലവില്‍ സംശയിക്കുന്ന പത്തുപേരുടെ മുടിയുമായാണ് ഇത് താരതമ്യം ചെയ്യുക. മുടി ഒത്തുവന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യും. അതിലും തെളിഞ്ഞില്ലെങ്കില്‍ നുണപരിശോധനയാണ് പോലീസിന്റെ അടുത്ത ലക്ഷ്യം.

ജനുവരി 13ന് പുലര്‍ച്ചെയാണ് ദേവകി കൊല്ലപ്പെട്ടത്. 13ന് വൈകിട്ട് ആറ് മണിക്കാണ് മൃതദേഹം കണ്ടത്.
പുറമെ നിന്നുള്ളവരാണ് കൊലയാളികള്‍ എന്ന നിഗമനത്തിലായിരുന്നു ആദ്യ അന്വേഷണം നീങ്ങിയത്. എന്നാല്‍ അങ്ങനെയുള്ള തെളിവുകളൊന്നും ലഭ്യമാകാത്തതിനാല്‍ അടുത്ത ബന്ധുക്കളേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. ആരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ, ബലപ്രയോഗത്തിലൂടെ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ ശാസ്ത്രീയ അന്വേഷണമാണ് തുടക്കംമുതല്‍ നടന്നുവരുന്നത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.