Latest News

ഇ.അഹമ്മദ് എംപിയുടെ മരണം മറച്ചുവച്ചതില്‍ കടുത്ത പ്രതിഷേധവുമായി മുസ്‌ലിം ലീഗ്‌

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായ ഇ.അഹമ്മദിന്റെ മരണം മറച്ചുവച്ചതില്‍ മുസ്‌ലിം ലീഗ് കടുത്ത പ്രതിഷേധത്തില്‍.[www.malabarflash.com] 
കാല്‍നൂറ്റാണ്ടുകാലം ലോക്‌സഭാംഗവും പത്തുവര്‍ഷം കേന്ദ്രമന്ത്രിയുമായിരുന്നെന്ന പരിഗണന നല്‍കിയില്ല. കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ അവസരം നല്‍കുകയെന്ന സാമാന്യമര്യാദ പോലും പാലിച്ചില്ല. പാര്‍ലമെന്റിന്റെ നടപടിക്രമങ്ങളിലും കീഴ്‌വഴക്കങ്ങളിലും വീഴ്ചയുണ്ടായി. മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാരും അവര്‍ക്കുവേണ്ടി ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയും സ്വീകരിച്ചതെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

ഇപ്പോള്‍ പൊതുദര്‍ശനവും കബറടക്കവും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധയെന്നും അതിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു. പാണക്കാട് തങ്ങള്‍ കുടുംബവും കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു.

അധികാരമില്ലാത്ത കാലം എല്ലാവര്‍ക്കും വരുമെന്ന് ലീഗ് നിയമസഭാകക്ഷിനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുതിര്‍ന്ന പാര്‍ലമെന്റേറിയനു ലഭിക്കേണ്ട മാന്യത അഹമ്മദിനു നല്‍കിയോ എന്ന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണം. ഇപ്പോഴത്തെ സര്‍ക്കാരില്‍നിന്ന് അതു പ്രതീക്ഷിക്കുന്നില്ല. രാജ്യാന്തര സമൂഹത്തില്‍ ഇന്ത്യയുടെ മുഖമായിരുന്നു അഹമ്മദ്. മക്കളെപ്പോലും അഹമ്മദിനെ കാണാന്‍ അനുവദിക്കാതിരുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. അതെങ്കിലും ചെയ്ത് ബാക്കിയെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കാമായിരുന്നു. ബജറ്റും പാര്‍ലമെന്റ് സമ്മേളനവും സംബന്ധിച്ച് അറിയാത്തവരല്ല ആരും. മരിച്ചതു മറച്ചുവച്ചത് ചെറിയ കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ലമെന്റിലും ആശുപത്രിയിലുമുണ്ടായ സംഭവങ്ങളും കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടും ലീഗ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും പി.വി. അബ്ദുല്‍ വഹാബും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചിട്ടുണ്ട്. ഇന്നു പാണക്കാട്ട് കൂടിയ നേതാക്കള്‍ ഇതു സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ച നടത്തി. പ്രതിഷേധത്തിന്റെ സ്വഭാവം സംബന്ധിച്ച തീരുമാനം ഇ.ടിക്കും വഹാബിനും വിടാനാണ് സാധ്യത.

അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞവീണതിനു ശേഷം പിന്നെന്തു സംഭവിച്ചു എന്ന് കൂടെയുണ്ടായിരുന്ന എംപിമാര്‍ക്കു പോലും അറിയാന്‍ കഴിയാത്ത സ്ഥിതി എങ്ങനെയുണ്ടായെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു വിവരവും പുറത്തുവിട്ടില്ല. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി ബഹളം വച്ചില്ലായിരുന്നെങ്കില്‍ മരണവിവരം സ്ഥിരീകരിക്കുന്നത് ഇനിയും നീളുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ച വിവരം കുടുംബാംഗങ്ങളില്‍നിന്നു പോലും മറച്ചുവച്ചത് വലിയ വീഴ്ചയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പിതാവിനെ കാണണമെന്നും വിവരമറിയണമെന്നുമുള്ള മക്കളുടെ വികാരം പോലും മാനിക്കാത്ത മോശം നിലപാടാണുണ്ടായതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങള്‍ പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.