Latest News

ഖാസി കേസ്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ യോഗത്തില്‍ ലീഗിനു രൂക്ഷ വിമര്‍ശനം

ചട്ടഞ്ചാല്‍: സമസ്ത സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ മത പണ്ഡിതനും ചെമ്പിരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിനു ഏഴാണ്ടു തികയുന്ന സാഹചര്യത്തില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുസ്ലീംലീഗിനും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം.[www.malabarflash.com]

ഖാസി കേസില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ലീഗടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വഞ്ചിക്കുകയായിരുന്നുവെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തെരഞ്ഞെടുപ്പു കാലത്തും മറ്റും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്നു നേതൃത്വങ്ങള്‍ പിന്നോട്ടുപോവുകയായിരുന്നുവെന്നും ഇതു വഞ്ചനയാണെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. 

ഖാസിയുടെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാവിയില്‍ നടത്തുന്ന പ്രക്ഷോഭങ്ങളിലൊന്നും രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് മണിക്കൂറുകള്‍ നീണ്ട യോഗം അവസാനിപ്പിച്ചത്.2010 ഫെബ്രുവരി 15ന് ആണ് ഖാസിയെ കീഴൂര്‍, കടുക്കകല്ല് കടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക്കല്‍ പോലീസു മുതല്‍ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബി.ഐ വരെയുള്ള സംഘങ്ങള്‍ അന്വേഷിച്ചുവെങ്കിലും കേസ് തെളിയിക്കാനായില്ല. ഏറ്റവും ഒടുവില്‍ അന്വേഷിച്ച സി.ബി.ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ്.ഇതിനിടയിലാണ് ഖാസി കേസില്‍ എസ്.കെ.എസ്.എസ്.എഫ് ഉദാസീനതയോടെയുള്ള നിലപാട് സ്വീകരിക്കുന്നുവെന്ന പ്രചരണം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായത്.

ഇതോടെയാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടിയന്തിരമായി ചൊവ്വാഴ്ച ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ വിളിച്ചു ചേര്‍ത്തത്. ഖാസി കേസില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആരെയും അടുപ്പിക്കാതെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഖാസിയുടെ ദുരൂഹ മരണത്തിന്റെ ഏഴാം ആണ്ടറുതിയായ ഈ മാസം 15ന് കാസര്‍കോട്ട് മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ഹാരീസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്റാഹിം ഫൈസി ജെഡിയാർ,സുഹൈർ അസ്ഹരി പള്ളംങ്കോട് , അബൂബക്കർ സാലൂദ് നിസാമി ,ബഷീർ ദാരിമി തളങ്കര , സലാം ഫൈസി പേരാൽ, സിദ്ധീഖ് അസ്ഹരി പത്തൂർ, റഷീദ് ഫൈസി ആറങ്ങാടി, യൂനുസ് ഫൈസി കാക്കടവ്, ഇസ്മാഈൽ മച്ചംപാടി, ശരീഫ് നിസാമി മുഗു, ഉമറുൽ ഫാറൂഖ് തങ്ങൾ, എംഎ ഖലീൽ, സിറാജുദ്ധീൻ ഖാസി ലൈൻ,മുഹമ്മദ് ഫൈസി കജ, മൊയ്ദു ചെർക്കള ,ശറഫുദ്ധീൻകുണിയ എന്നിവർ സംബന്ധിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.