Latest News

ഒരുലക്ഷം മദ്രസകളില്‍ ശൗചാലയം നിര്‍മിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഒരുലക്ഷം മദ്രസകളില്‍ ശൗചാലയം നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മദ്രസകളില്‍ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കും. അധ്യാപനനിലവാരം ഉയര്‍ത്തുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.[www.malabarflash.com]

മൗലാന ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ നിര്‍വാഹകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

മദ്രസകളുടെ നവീകരണത്തിനായി നടപ്പാക്കുന്ന പദ്ധതിക്ക് 'ത്രീ ടി ഫോര്‍മുല' (ടീച്ചര്‍, ടിഫിന്‍, ടോയ്‌ലെറ്റ്) എന്നാണ് വിശേഷണം. മുഖ്യധാരാ വിദ്യാഭ്യാസം നല്‍കുന്ന മദ്രസകള്‍ക്കും അതിന് തയ്യാറാകുന്ന മദ്രസകള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും.

ശുചിത്വഭാരത മിഷന്റെ ഭാഗമായാണ് ഒരുലക്ഷം മദ്രസകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുക. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. മൗലാന ആസാദ് ഫൗണ്ടേഷനായിരിക്കും നിര്‍മാണച്ചുമതല.

ഫൗണ്ടേഷന്റെ ബീഗം ഹസ്രത് മഹല്‍ ദേശീയ സ്‌കോളര്‍ഷിപ്പ് അടുത്ത സാമ്പത്തികവര്‍ഷത്തോടെ അഞ്ചുലക്ഷം പെണ്‍കുട്ടികള്‍ക്ക് നല്‍കും. നടപ്പുസാമ്പത്തികവര്‍ഷം 45,000 പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

ഗരീബ് നവാസ് നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 100 നൈപുണ്യവികസന സെന്ററുകള്‍ തുറക്കും. ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്നും ഫൗണ്ടേഷന്‍ എക്‌സ്-ഒഫീഷ്യോ പ്രസിഡന്റുകൂടിയായ മന്ത്രി പറഞ്ഞു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.