Latest News

സിനിമാ നിര്‍മാതാവ് മഹാ സുബൈറിനെ ആക്രമിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: മദ്യലഹരിയില്‍ സിനിമാനിര്‍മാതാവ് മഹാ സുബൈറടക്കം മൂന്നുപേരെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.[www.malabarflash.com]
വരാപ്പുഴ വട്ടേക്കാട്ട് ലേനില്‍ ചക്കാലക്കല്‍ ആന്റണി ജെറി (24), എസ്ആര്‍എം റോഡ് നസീം ഹൌസില്‍ മുഹമ്മദ് ഹിഷാം (24), മാമംഗലം പറമ്പില്‍ വീട്ടില്‍ കാള്‍ട്ടണ്‍ (25), അയ്യപ്പന്‍കാവ് റോക്ക് വില്ലയില്‍ സെഡ്രിക് മെന്റസ് (22) എന്നിവരെയാണ് അസി. കമീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്. 

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും നോര്‍ത്ത് സിഐ നിസാമുദ്ദീന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് തമ്മനം-പുല്ലേപ്പടി റോഡിലെ ഇടശ്ശേരി മാന്‍ഷന്‍ ഹോട്ടലില്‍ വച്ച് പത്തുപേരടങ്ങുന്ന സംഘം മദ്യലഹരിയില്‍ മഹാസുബൈറിനെയും പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെയും ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രകാശിനെയും ആക്രമിച്ചത്. മഹാസുബൈറും പ്രകാശും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അമിതമായി ബിയറടിച്ച് ലഹരിയിലായ പ്രതികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പോലീസ്‌ പറഞ്ഞു. വൈകിട്ട് മൂന്നരയോടെ പ്രതികള്‍ ഹോട്ടലിലെ ബിയര്‍ പാര്‍ലറിലെത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രാത്രി ഒന്‍പതുവരെ 40 കുപ്പി ബിയറാണ് സംഘം വാങ്ങിയത്. ഇവരിലൊരാള്‍ക്ക് ജോലികിട്ടിയതിന്റെ ആഘോഷമായിരുന്നു. പത്തു മണിയോടെ ഇവരില്‍ ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയും ഉണ്ടായി. ഇവരെ പിടിച്ചുമാറ്റാന്‍ചെന്ന സെക്യൂരിറ്റിയെയും ഇവര്‍ കൈയ്യേറ്റം ചെയ്തു.

ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ പ്രവര്‍ത്തകര്‍ ഇതേ ഹോട്ടലിലാണ് താമസിച്ചത്. സംഘര്‍ഷം നടക്കുന്നതിനു സമീപം ഫോണില്‍ സംസാരിച്ചുനിന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ പോലീസിനെ വിളിക്കുകയാണെന്ന് ധരിച്ച് ഇവര്‍ അദ്ദേഹത്തേയും കൈയ്യേറ്റം ചെയ്തു. പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് നിര്‍മാതാവ് മഹാസുബൈറിന് നേരെ അക്രമണമുണ്ടായത്. നോ പാര്‍ക്കിങ് ബോര്‍ഡ് ഉപയോഗിച്ച് അക്രമിസംഘം സുബൈറിന്റെ തലയ്ക്കടിക്കുകയായിരുന്നു. ചെവിക്കുപിന്നില്‍ മുറിവേറ്റ സുബൈറിനേയും തലയ്ക്ക് ക്ഷതമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രകാശനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് സിഐ വൈ നിസാമുദ്ദീന്‍, എസ്ഐ വിപിന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് രാത്രിതന്നെ പ്രതികളില്‍ നാലുപേരെ പിടികൂടി. സിറ്റി പോലീസ് കമീഷണര്‍ എം പി ദിനേശ് ആശുപത്രിയിലെത്തി സുബൈറില്‍നിന്ന് നേരിട്ട് മൊഴിയെടുത്തു. 

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും വ്യാഴാഴ്ച ഡിസ്ചാര്‍ജാകുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പിടിയിലായ പ്രതികളെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.