പെര്‍ളടുക്കം: പുല്ലൂര്‍-പെരിയ, ബേഡകം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ പണി പുരോഗമിക്കുന്നു.[www.malabarflash.com]
തുടക്കത്തില്‍ കരാറേറ്റെടുത്തയാള്‍ ഉപേക്ഷിച്ചു പോയ പദ്ധതി ഏറെനാളത്തെ അനിശ്ചിതത്വത്തിനു ശേഷം മറ്റൊരു കരാറുകാരനെ ഏല്‍പ്പിച്ചാണ് ഒരു മാസം മുമ്പ് ആരംഭിച്ചത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയരമുള്ള പാലമെന്ന സവിശേഷത കൂടി ആയംകടവു പാലത്തിനുണ്ടെന്ന് നിര്‍മ്മാണപ്രവൃത്തികള്‍ വിലയിരുത്താനെത്തിയ ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന്‍ പറഞ്ഞു. 25 മീറ്റര്‍ ഉയരത്തിലാണ് പാലത്തിന്റെ പില്ലറുകള്‍ നിര്‍മ്മിക്കുന്നത്. എറണാകുളത്തെ എഞ്ചിനീയറായ ഡോ. അരവിന്ദാക്ഷനാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിച്ച് പാലം രൂപകല്പന ചെയ്തിട്ടുള്ളത്.
ജോയിന്റുകളില്ലാത്ത പാലമായിരിക്കും ആയംകടവു പാലം. മുമ്പ് കണ്ണൂര്‍ ജില്ലയിലെ പട്ടുവം പാലം ഇതേ രീതിയിലാണ് നിര്‍മ്മിച്ചിരുന്നത്. പാലത്തിനു മുകളിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെറിയ കുലുക്കം പോലും അനുഭവപ്പടില്ല.
ബേഡകം പഞ്ചായത്തിലെ പെര്‍ളടുക്കത്തെ ആയമ്പാറ- പെരിയ റോഡുമായി ബന്ധിപ്പിക്കുന്ന ഏറ്റവുമടുത്ത വഴിയാണ് ആയംകടവു പാലം പൂര്‍ത്തിയാകുന്നതോടെ ഉണ്ടാവുകയെന്ന് എം എല്‍ എ പറഞ്ഞു. ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ഈ പാലം. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പെരിയ -ആയമ്പാറ രോഡ് വികസനവും കൊളത്തൂരേക്കുള്ള രണ്ടര കിലോമീറ്റര്‍ റോഡിന്റെ വിപുലീകരണവുമടക്കം പദ്ധതിയുടെ ഭാഗമായുണ്ട്.
14 കോടി രൂപ നിര്‍മ്മാണ ചിലവു കണക്കാക്കുന്ന പാലത്തിന്റെ നിര്‍മ്മാണം 17 ശതമാനം കുറഞ്ഞ എസ്റ്റിമേറ്റില്‍ ആദ്യം കരാറേറ്റെടുത്ത വ്യക്തി പിന്നീട് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാതിരുന്ന സാഹചര്യത്തിലാണ് കരാര്‍ മാറ്റി നല്‍കിയതെന്ന് എം എല്‍ എ പറഞ്ഞു.
ഒന്നര വര്‍ഷത്തോളം പ്രവൃത്തികളാരംഭിക്കാതെ നിശ്ചലാവസ്ഥയിലായിരുന്നു. ഇപ്പോള്‍ നേരത്തേയുള്ള അതേ നിരക്കില്‍ ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ളത്. ഫെബ്രുവരി മാസത്തോടെ പ്രവൃത്തി ആരംഭിച്ച പാലം മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജാസ്മിന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ജാനിഷ് പറഞ്ഞു.
നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താനെത്തിയ എം എല്‍ എയ്‌ക്കൊപ്പം പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ. എസ്. നായര്‍, വൈസ് പ്രസിഡണ്ട് പി.കൃഷ്ണന്‍ എന്നിവരും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment