Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡു ധനസഹായം മുഖ്യമന്ത്രി വിതരണം ചെയ്തു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള ധനസഹായത്തിന്റെ മൂന്നാം ഗഡു മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളിലെ 110 പേര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. [www.malabarflash.com]

അഭിനവ് (അജാനൂര്‍), സുഹറ (ബദിയടുക്ക), ഗായത്രി (ബെളളൂര്‍), കീര്‍ത്തി (എന്‍മകജെ), സന്ദീപ് (കളളാര്‍), നിധീഷ് (കാറഡുക്ക), കെ വി സജിത (കയ്യൂര്‍-ചീമേനി), അഹമ്മദ് കുഞ്ഞി (കുമ്പഡാജെ), ഉസ്മാന്‍ (മുളിയാര്‍), ടോണി (പനത്തടി), ആദര്‍ശ് (പുല്ലൂര്‍-പെരിയ) എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ധനസഹായം ഏറ്റുവാങ്ങി. 

ബാക്കിയുളള 99 പേര്‍ക്ക് ധനസഹായം കൈപ്പറ്റുന്നതിനായി കളക്ടറേറ്റില്‍ അതാത് പഞ്ചായത്ത് തലത്തിലുളള കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. 3550 ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപയാണ് അനുവദിച്ചത്. 

ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. ഇതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. 

മൂന്നാം ഗഡുവായി 110 പേര്‍ക്ക് 1.32 കോടി രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തത്. പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും രണ്ട് ലക്ഷം രൂപയും ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് മുന്നാം ഗഡുവായി വിതരണം ചെയ്തത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.